മെര്‍സല്‍ ഒരു ദിവസം നേടിയത് 6.11 കോടി, തകര്‍ന്നത് മലയാളത്തിലെ താരസിംഹാസനം !

കൊച്ചി: മലയാളത്തിലെ സൂപ്പര്‍ സ്റ്റാറും താന്‍ തന്നെയാണെന്ന് തെളിയിച്ച് തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്.

കേരളത്തില്‍ 300 ഓളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മെര്‍സല്‍ ആദ്യ ദിവസം തന്നെ നേടിയത് 6.11 കോടി രൂപയാണ്.

മോഹന്‍ലാലിന്റെ പുലിമുരുകന്‍ നേടിയ 4.08 കോടിയെയും രജനികാന്തിന്റെ കബാലി നേടിയ 4.25 കോടിയെയും മറികടന്ന് ദളപതിയുടെ മെര്‍സല്‍ നേടിയ ഈ ചരിത്ര നേട്ടത്തില്‍ അത്ഭുതപ്പെട്ട് നില്‍ക്കുകയാണ് മലയാള സിനിമാലോകം.

ബാഹുബലി 6.27 കോടി ആദ്യ ദിവസം നേടിയെങ്കിലും അത് ഒരു സൂപ്പര്‍ താര സിനിമയായിരുന്നില്ല. രാജമൗലി എന്ന ബ്രഹ്മാണ്ഡ സംവിധായകന്‍ പറഞ്ഞ ചരിത്രകഥ കാണാനായിരുന്നു തിയറ്ററുകളില്‍ ജനങ്ങള്‍ എത്തിയിരുന്നത്.

vijay 1

എന്നാല്‍ മെര്‍സല്‍ അങ്ങനെയുള്ള ഒരു സിനിമയല്ല, പൂര്‍ണ്ണമായും വിജയ് എന്ന നടന്റെ മാനിറസങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഒരു മാസ് സിനിമയാണ് മെര്‍സല്‍.

ബാഹുബലി പോലെ മലയാളം ഡബിങ് വെര്‍ഷനും മെര്‍സലിനുണ്ടായിരുന്നില്ല. തമിഴ് സിനിമയായി തന്നെയാണ് മലയാളി പ്രേക്ഷകര്‍ ഈ സിനിമ കാണാനെത്തിയത്.

ഒരു താരത്തെ സൂപ്പര്‍ സ്റ്റാറായി അവരോധിക്കുന്നതില്‍ ആ താരത്തിന്റെ സിനിമയുടെ ആദ്യ ദിന കളക്ഷനും സിനിമയുടെ വിജയവുമാണ് പ്രധാനമാകുന്നത്.

അങ്ങനെ നോക്കിയാല്‍ തമിഴ് നടന്‍ വിജയ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായി കഴിഞ്ഞു.

സമീപകാലത്ത് ഇറങ്ങിയ എല്ലാ വിജയ് സിനിമകളും സൂപ്പര്‍ ഹിറ്റാവുകയും ലക്ഷക്കണക്കിന് ആരാധകരെ സംസ്ഥാനത്ത് സൃഷ്ടിക്കുകയും ചെയ്തതിനാല്‍ തീര്‍ച്ചയായും സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് അര്‍ഹനാണ് വിജയ് എന്നാണ് സിനിമാ നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്.

മോഹന്‍ലാലിനേക്കാളും മമ്മുട്ടിയേക്കാളും ഏറ്റവും കൂടുതല്‍ ആരാധകര്‍ ദളപതിക്കാണെന്ന് മെര്‍സല്‍ റിലീസ് ദിവസത്തെ തിരക്കും തിയറ്റര്‍ കളക്ഷനും സാക്ഷ്യപ്പെടുത്തുന്നു.

ലാലിന്റെയും മമ്മുട്ടിയുടെയും പിന്‍മുറ താരം ആരായിരിക്കുമെന്ന് ചര്‍ച്ച നടത്തുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ താരരാജാക്കന്‍മാരെ മുന്‍നിര്‍ത്തി തന്നെ ആ സിംഹാസനം വെട്ടിപിടിച്ചിരിക്കുകയാണ് ദളപതി വിജയ്.

സംസ്ഥാനത്തെ യുവതാരങ്ങളെ സംബന്ധിച്ചും ഓര്‍ക്കാപ്പുറത്ത് കിട്ടിയ ‘അടിയാണിത് ‘

130 കോടി രൂപയാളം ചിലവിട്ട് പുറത്തിറങ്ങിയ മെര്‍സല്‍ സകല റെക്കാര്‍ഡുകളും തകര്‍ക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞു.

vijay 2

31.3കോടി രൂപയാണ് മൊത്തത്തില്‍ ആദ്യ ദിവസം തിയറ്ററുകളില്‍ നിന്നും മെര്‍സല്‍ കളക്ട് ചെയ്തിരിക്കുന്നതെന്നാണ് ചെന്നെയില്‍ നിന്നും പുറത്തു വരുന്ന വിവരം.

ഇതില്‍ 18.11 കോടി തമിഴ്‌നാട്ടില്‍ നിന്നും മാത്രമാണ്.

അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങി ലോകത്തെ 3500 തിയറ്ററുകളിലാണ് മെര്‍സല്‍ റിലീസ് ചെയ്തിരിക്കുന്നത്.

അറ്റ്‌ലി സംവിധാനം ചെയ്ത സിനിമക്ക് എ.ആര്‍.റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top