ജെഡിഎസുമായി ലയനം അസാധ്യം; എല്‍ജെഡി ആര്‍ജെഡിയുമായി ലയിക്കും

കോഴിക്കോട്: എല്‍ജെഡി ആര്‍ജെഡിയുമായി ലയിക്കും. കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ജെഡിഎസുമായി ലയനം അസാധ്യമെന്ന് വിലയിരുത്തിയാണ് തീരുമാനം. പ്രഖ്യാപനം ഉടനുണ്ടാകും. രണ്ടാഴ്ച മുന്‍പ് ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവുമായി എല്‍ജെഡി നേതൃത്വം ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിരുന്നു.

ആര്‍ജെഡിയുമായി ഒത്തുചേര്‍ന്ന് പോകുമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയംസ് കുമാര്‍ അറിയിച്ചു. പാര്‍ട്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് തീരുമാനമെടുക്കും. എല്‍ജെഡി തീരുമാനം അംഗീകരിക്കുമെന്ന് ആര്‍ജെഡി ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും ശ്രേയാംസ് പറഞ്ഞു.

ജെഡിഎസുമായുള്ള ലയനം വഴിമുട്ടിയതോടെയാണ് ആര്‍ജെഡിയുമായി സഹകരിക്കാനുളള നീക്കങ്ങള്‍ എല്‍ജെഡിയില്‍ സജീവമായത്. എന്നാല്‍ ആര്‍ജെഡി സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് എല്‍ജെഡിക്ക് ആദ്യഘട്ടത്തില്‍ വിലങ്ങുതടിയായി. ഒടുവില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവുമായ തേജസ്വി യാദവ് കേരളത്തിലെത്തിയപ്പോള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുകൂട്ടരും ഒരുമിച്ച് പോകാന്‍ ധാരണയായത്. മുന്നണി ഏത് വേണമെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് തേജസ്വി ഉറപ്പ് നല്‍കയിരുന്നു.

 

Top