പൊതുമേഖലാ ബാങ്കുകളുടെ ലയനം; വിലയിരുത്താന്‍ മൂന്നംഗ സമിതി

ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ സമിതിക്കു രൂപം നല്‍കി.

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെ കുറിച്ച് വിവരങ്ങള്‍ വിലയിരുത്താനാണ് മൂന്നംഗ സമിതിക്കു രൂപം നല്‍കിയത്.

ലയനം സംബന്ധിച്ച വിവരങ്ങള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നു ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും, ബാങ്കുകളുടെ ശുപാര്‍ശകളും പരിഹരിച്ചാകും സമിതി റിപ്പോര്‍ട്ട് തയാറാക്കുക.

കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ തോത് വര്‍ധിക്കുന്ന ആശങ്കയാണ് ബാങ്കിങ് രംഗത്ത് ഏകീകരണം എന്ന നിര്‍ദേശവുമായി രംഗത്തു വരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

ബാങ്കുകള്‍ ലയിപ്പിച്ച് വന്‍കിട ബാങ്കുകള്‍ രൂപീകരിക്കുന്നതോടെ സര്‍ക്കാരിനെ ആശ്രയിക്കാതെ വായ്പാ വിതരണത്തിന് അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.

ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Top