കുറ്റം ചെയ്തവര്‍ എത്രപ്രമാണിയായാലും ശിക്ഷിക്കപ്പെടണം ; നടിമാരെ പിന്തുണച്ച് മേഴ്‌സിക്കുട്ടിയമ്മ

mercykutty amma

കൊല്ലം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. അമ്മയുടെ മക്കള്‍ തുല്യരാണ്. എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കുറ്റം ചെയ്തവര്‍ എത്രപ്രമാണിയായാലും ശിക്ഷിക്കപ്പെടണം. സമൂഹത്തില്‍ അവനുള്ള സ്ഥാനം കുറ്റവാളിയുടേതായിരിക്കണം. അവന് മറ്റൊരു പരിവേഷം കൊടുത്ത് രക്ഷപ്പെടുത്താന്‍ ആര് ശ്രമിച്ചാലും ആരും അത് സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ലെന്നും അവര്‍ പറഞ്ഞു.

അമ്മ എന്താണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിന് അവര്‍ കണ്ടെത്തിയ ന്യായീകരണം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് നിരക്കുന്നതല്ലന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

രണ്ട് ഇടത് എം.എല്‍.എമാര്‍ അമ്മയില്‍ ഉണ്ട് എന്നതുകൊണ്ട് അമ്മക്ക് സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. അവര്‍ അമ്മയില്‍ സ്വീകരിക്കുന്നത് ഇടതുപക്ഷത്തിന്റെ നിലപാടുമല്ല. ഇരയായ പെണ്‍കുട്ടിക്ക് ശക്തമായ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. അത് തുടരുമെന്നും അവര്‍ പറഞ്ഞു.

സിനിമയില്‍ റോള്‍മോഡലായവര്‍ സ്വന്തം ജീവിതത്തിലും അങ്ങനെയാവേണ്ടേ എന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. വിഷയത്തില്‍ ഏതാനും നടികള്‍ മാത്രമേ പ്രതികരിച്ചുകണ്ടുള്ളൂ. സ്ത്രീസമൂഹമാകെ ഇതിനെതിരെ അവരെ അഭിനന്ദിക്കുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

Top