Mercykutty amma-N K premachandran fight

കൊല്ലം: കോഴിക്കോട്ടെ കളക്ടര്‍- എംപി ഉടക്കിന് പിന്‍ഗാമികളായി കൊല്ലത്തെ ജനപ്രതിനിധികള്‍.

കൊല്ലത്ത് നിന്നുള്ള മന്ത്രി കൂടിയായ മേഴ്‌സിക്കുട്ടിയമ്മയും എംപിയായ പ്രേമചന്ദ്രനും തമ്മിലാണ് ഏറ്റുമുട്ടല്‍. ജില്ലയില്‍ മന്ത്രിതലത്തില്‍ വിളിക്കുന്ന വികസനപ്രവര്‍ത്തന അവലോകന യോഗത്തില്‍ നിന്നു എംപി പ്രേമചന്ദ്രനെ തുടര്‍ച്ചയായി ഒഴിവാക്കുന്നതാണു പോര്‍വിളിക്കു തുടക്കമിട്ടത്.

ചര്‍ച്ചകളില്‍ നിന്നു നിന്നു തന്നെ ഒഴിവാക്കുന്നതു ശരിയല്ലെന്നു വ്യക്തമാക്കി എംപി പ്രേമചന്ദ്രന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കു കഴിഞ്ഞദിവസം കത്തു നല്‍കിയിരുന്നു. മന്ത്രിതലത്തില്‍ നടക്കുന്ന യോഗങ്ങള്‍ തന്നെ അറിയിക്കാറില്ല. അല്ലെങ്കില്‍ തനിക്കു പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുവരുത്തിയശേഷം യോഗദിവസം രാവിലെയാണ് അറിയിപ്പുതരുന്നത്. യോഗത്തില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക മന്ത്രിയുടെ ഓഫിസില്‍ നിന്നു തയാറാക്കി ഉദ്യോഗസ്ഥര്‍ക്കു നല്‍കും. ഇതില്‍ എംപിയെ ഒഴിവാക്കുന്നതു തെറ്റാണ്. ലോക്‌സഭാംഗമെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വികസന-അവലോകന യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കത്തില്‍ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ഇതാണു മന്ത്രിയെ ചൊടിപ്പിച്ചത്. അവര്‍ രൂക്ഷമായ ഭാഷയില്‍ എംപിയെ വിമര്‍ശിച്ചു. പ്രേമചന്ദ്രന്‍ കുറച്ചുകൂടി സഹിഷ്ണുതയോടെ പെരുമാറണം. തുടക്കത്തിലേ ഇത്രയും കടുത്ത ഭാഷ ഉപയോഗിക്കരുത്. മാലിന്യസംസ്‌കരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ എംപി പങ്കെടുത്തില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട യോഗമാണു പ്രേമചന്ദ്രന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതു കഴിഞ്ഞകാല പ്രവൃത്തികളുടെ തുടര്‍ച്ചയായിരുന്നു. പ്രേമചന്ദ്രന്‍ എംപിയായശേഷം ദേശീയപാത 744ന്റെ ഒരു യോഗവും വിളിച്ചിട്ടില്ല. പ്രേമചന്ദ്രന്‍ ഒന്നും ചെയ്യാതിരിക്കുകയും മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതിനോട് അസഹിഷ്ണുത പുലര്‍ത്തുന്നതു ശരിയല്ലെന്നുമാണു മന്ത്രി പ്രതികരിച്ചത്.

ഇതിനു പിന്നാലെ മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ചു പ്രേമചന്ദ്രന്‍ രംഗത്തെത്തി. എന്തുകൊണ്ട് ലോകസഭാംഗത്തെ യോഗത്തില്‍ നിന്നൊഴിവാക്കി എന്നു വിശദീകരിക്കാന്‍ മന്ത്രിക്കി ബാധ്യതയുണ്ട്. അതിനു തയ്യാറാകാതെ നല്ലനടപ്പു വിധിക്കുന്നത് അസഹിഷ്ണുതയുടെ തെളിവാണ്. എംപി എന്ന നിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താന്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ കൂടി കൊണ്ടാണു കൊല്ലം ബൈപാസിന്റെയും ദേശീയപാത 744 ഉള്‍പ്പെടെയുള്ള ദേശീയപാതകളുടെയും വികസനം സാധ്യമായതെന്നു മന്ത്രി മനസ്സിലാക്കണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപി യോഗം വിളിച്ചു ചേര്‍ത്തില്ലെന്ന മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപി യുടെ അദ്ധ്യക്ഷതയില്‍ കൊല്ലത്തു നിരവധി തവണ അവലോകനയോഗം നടന്നിട്ടുണ്ട്. അവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ മന്ത്രിയെ ഓര്‍മപ്പെടുത്തി.

എന്നാല്‍ ഈ ഓര്‍മ്മപ്പെടുത്തലിപ്പോള്‍ വീണ്ടും രൂക്ഷമായ ഭിന്നതക്ക് കാരണമായിരിക്കുകയാണ്.

Top