‘ഇഎംസിസിയും ചെന്നിത്തലയും ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നുവെന്ന് സംശയം’

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇഎംസിസിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് സംശയിക്കുന്നതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുമായി ചേര്‍ന്ന് പോയി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനത്തിലെ വിവാദ അമേരിക്കന്‍ കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകള്‍ കൂടി പ്രതിപക്ഷനേതാവ് ഇന്ന് പുറത്ത് വിട്ടിരുന്നു.അതേസമയം ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വിദേശകമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ ധാരണാപത്രം ഒപ്പുവച്ച ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം ഡി എന്‍ പ്രശാന്തിനെതിരെ സര്‍ക്കാര്‍ നീങ്ങുകയാണ്. എന്നാല്‍ ആ ഉദ്യോഗസ്ഥനോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളിയ സിപിഎം മത്സ്യതൊഴിലാളികള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് വിശദീകരിച്ചു.

അതേസമയം, കരാറിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്ന വ്യക്തമാക്കി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവിന് പിന്നാലെ സമഗ്രമായ അന്വേഷണം ബിജെപിയും ആവശ്യപ്പെട്ടു.

 

Top