ബെന്‍സിന്റെ എഎംജി ജിഎല്‍സി 43 കൂപ്പെ 74.80 ലക്ഷത്തിന് വിപണിയിലെത്തി

മെഴ്‌സിഡീസ് ബെന്‍സിന്റെ പെര്‍ഫോമെന്‍സ് ബ്രാന്‍ഡായ എ.എം.ജിയുടെ കീഴില്‍ മെഴ്‌സിഡീസ് AMG GLC 43 കൂപ്പെ എസ്.യു.വി പുറത്തിറക്കി.

ജര്‍മന്‍ നിര്‍മാതാക്കളായ ബെന്‍സ് ഈ വര്‍ഷം ഇന്ത്യയിലെത്തിക്കുന്ന എട്ടാമത്തെയും AMG ശ്രേണിയിലെ മൂന്നാമത്തെയും മോഡലാണിത്. എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില 74.80 ലക്ഷം രൂപയാണ്.

എക്കോ, കംഫോര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ഇന്‍ഡിവിജ്വല്‍ എന്നീ അഞ്ച് ഡ്രൈവിങ് മോഡിലിലാണ് മെഴ്‌സിഡീസ് AMG GLC 43 കൂപ്പെ ലഭ്യമാകുന്നത്.

3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V6 എഞ്ചിന്‍ വാഹനത്തിന് കരുത്തേകും. 5000-6000 ആര്‍പിഎമ്മില്‍ 362 ബി.എച്ച്.പി കരുത്തും 2500-4500 ആര്‍പിഎമ്മില്‍ 520 എന്‍.എം ടോര്‍ക്കുമേകും എഞ്ചിന്‍. 9G ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 4.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 12 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ക്വാഡ് എക്‌സ്‌ഹോസ്റ്റ്, AMG സ്‌പോര്‍ട്ടിന് സമാനമായ 19 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. ഓപ്ഷണലായി 21 ഇഞ്ച് ബൈക്രോമിക് അലോയി വീലും ഉള്‍പ്പെടുത്താം.

Top