മേഴ്‌സിഡന്‍സ് ബെന്‍സ് സ്‌പോര്‍ട്‌സ് കാര്‍ എഎംജി – ജിഎല്‍സി കൂപ്പെ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആഢംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡന്‍സ് ബെന്‍സ് ഇന്ത്യയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് കാറായ എഎംജി – ജിഎല്‍സി43 4 മാറ്റിക് കൂപ്പെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു.

മെഴ്‌സിഡന്‍സ് ബെന്‍സിന്റെ എഎംജി മോഡല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ റോളാണ്ട് ഫോഗറും വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) മൈക്കിള്‍ ജോപ്പും ചേര്‍ന്നാണ് എഎംജി ജിഎല്‍സി 43 4 മാറ്റിക് കൂപ്പെ വിപണിയിലിറക്കിയത്.

കാറോട്ട മല്‍സര ട്രാക്കില്‍ നിന്നുള്ള സാങ്കേതിക വിദ്യ കാര്‍ നിര്‍മാണത്തിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാറുകള്‍ ലോകത്തിന് ലഭ്യമാക്കാന്‍ എഎംജിയിലൂടെ കഴിഞ്ഞു എന്നതാണ് മെഴ്‌സിഡസ്‌ബെന്‍സിന്റെ നേട്ടമെന്ന് ജിഎല്‍സി 43 കൂപ്പെ റോളാണ്ട് ഫോഗര്‍ പറഞ്ഞു.

74.80 ലക്ഷം രൂപയാണ് മെഴ്‌സിഡസ് എഎംജി – ജിഎല്‍സി കൂപ്പെയുടെ എക്‌സ്‌ഷോറൂം വില. ജിഎല്‍സി കൂപ്പെയുടെ 3 ലിറ്റര്‍ വി6 ബൈടര്‍ബോ എന്‍ജിന്‍ 520 എന്‍എം ടോര്‍ക്കില്‍ 367 കുതിരശക്തി കരുത്ത് ലഭ്യമാക്കുന്നു.

പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.9 സെക്കന്റ് മാത്രം മതി എന്നത് ഇതിന്റെ സവിശേഷതകളിലൊന്നാണ്.

9ജിട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മികച്ച പ്രവര്‍ത്തന ക്ഷമത നല്‍കുന്നു. ഇന്ധന ലാഭത്തിനും ഈ പ്രവര്‍ത്തന ശേഷി സഹായകമാണ്.

ഫൂള്‍സപ്പോര്‍ട്ട് മള്‍ട്ടിചേംബര്‍ എയര്‍ സസ്പന്‍ഷന്‍ സിസ്റ്റം, സ്‌പോര്‍ട്ടിംഗ് ബ്രേക് സിസ്റ്റം, അറ്റന്‍ഷന്‍ അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ബ്രേക്കിംഗ്, ഹില്‍സ്റ്റാര്‍ട് അസിസ്റ്റ്, 7 എയര്‍ ബാഗുകള്‍, 360 ഡിഗ്രി കാമറയോടുകൂടിയുള്ള പാര്‍ക്കിംഗ് പാക്കേജ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍, മെഴ്‌സിഡസിന്റെ വലിയ ലോഗോയോടുകൂടിയ ക്രോം ഗ്രില്‍ തുടങ്ങിയവ മെഴ്‌സിഡന്‍സ് എഎംജി ജിഎല്‍സി 43 4 മാറ്റിക് കൂപ്പെയുടെ പ്രധാന പ്രത്യേകതകളാണ്.

Top