സാങ്കേതിക തകരാര്‍;പത്തുലക്ഷം കാറുകളെ മേഴ്‌സിഡീസ് ബെന്‍സ് തിരികെ വിളിക്കുന്നു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് പത്തുലക്ഷം കാറുകള്‍ ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാണ കമ്പനിയായ മെഴ്‌സിഡീസ്-ബെന്‍സ് തിരികെ വിളിക്കുന്നതായി റിപ്പോര്‍ട്ട്. വാഹനാപകട സമയങ്ങളില്‍ കാറിന്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും അടിയന്തര സേവനങ്ങളെ അറിയിക്കുന്ന ഏമര്‍ജന്‍സി കോള്‍ (ഇ-കോള്‍) കേട് പരിഹരിക്കാനാണ് കാറുകളെ കമ്പനി തിരികെ വിളിക്കുന്നത്. അപകടം നടക്കുന്ന നേരത്ത് ഈ സംവിധാനം തെറ്റായ ലൊക്കേഷന്‍ അയക്കുന്നു എന്നതാണ് തകരാര്‍.

ഇ- കോള്‍ സംവിധാനത്തിലെ തകരാര്‍ അമേരിക്കയില്‍ 1,29,258 കാറുകളെയാണ് ബാധിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വാഹനത്തിലെ തകരാറും പെട്ടന്നുതന്നെ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. യൂറോപ്യന്‍ യൂണിയനുകളില്‍ 2018 മുതല്‍ ഇ-കോള്‍ സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു.

സോഫ്റ്റ് വെയര്‍ തലത്തിലുള്ള പ്രശ്‌നമായതിനാല്‍ കാറിലെ നിലവിലുള്ള മൊബൈല്‍ ഡാറ്റാ കണക്ഷന്‍ ഉപയോഗിച്ച് ഇത് ഓണ്‍ലൈനായി പരിഹരിക്കാവുന്നതാണെന്ന് കമ്പനി പറയുന്നു. എന്നാല്‍, അതിന് സാധിക്കാത്തവര്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍മാരെ സമീപിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Top