മെഴ്‌സിഡസ് ബെൻസ് ആഗോള വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവ് 

ട്ടോമോട്ടീവ് വ്യവസായത്തെ പിടികൂടിയ അർദ്ധചാലക വിതരണ ശൃംഖലയിലെ തടസങ്ങള്‍ സാരമായി ബാധിച്ചതിനാൽ 2021-ൽ ജര്‍മ്മന്‍ വാഹന ഭീമനായ മെഴ്‌സിഡസ് ബെൻസ്  ആഗോള വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവ് നേരിട്ടു.

ജർമ്മൻ സ്ഥാപനം 2021 ജനുവരിക്കും ഡിസംബറിനും ഇടയിൽ 20,93,496 വാഹനങ്ങൾ വിറ്റതായും 2020 ലെ കൊവിഡ് വ്യാപനം ഏല്‍പ്പിച്ച ആഘാതത്തെ അപേക്ഷിച്ച് 70,691 യൂണിറ്റുകൾ കുറഞ്ഞതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാം പാദത്തിൽ വിൽപ്പന 24.7 ശതമാനം ഇടിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കമ്പനിയുടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന ഗണ്യമായി ഉയർന്നു എന്നാണ് കണക്കുകള്‍. 2,27,458 യൂണിറ്റ് ഇലക്ട്രിക്ക് വാഹനങ്ങളോളം 2021ല്‍ കമ്പനി വിറ്റു. ഇത് 69.3 ശതമാനം വളർച്ചയെ പ്രതിനിധീകരിക്കുന്നു. ഇതിൽ ഏതാണ്ട് 99,301 എണ്ണം പ്യുവർ-ഇലക്‌ട്രിക് ആയിരുന്നു.  90.3 ശതമാനം ആണ് ഉയർച്ച.

സ്ഥാപനത്തിന്റെ ലക്ഷ്വറി, പ്രകടനം, ഓഫ്-റോഡ് സബ് ബ്രാൻഡുകൾ എന്നിവയും മികച്ച വില്‍പ്പന ഫലങ്ങൾ രേഖപ്പെടുത്തി. മെയ്ബാക്ക്, എഎംജി, ജി-ക്ലാസ് എന്നിവയുടെ വിൽപ്പന റെക്കോർഡ് രേഖപ്പെടുത്തി.  “വെല്ലുവിളി നിറഞ്ഞ ഒരു വർഷത്തിൽ, മെയ്ബാക്ക്, എഎംജി, ജി-ക്ലാസ് വാഹനങ്ങൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു,” മെഴ്‌സിഡസ് ബെൻസ് മാർക്കറ്റിംഗും വിൽപ്പനയും സംബന്ധിച്ച ബോർഡ് അംഗം ബ്രിട്ടാ സീഗർ പറഞ്ഞു.

ഏകദേശം 15,730 മെയ്‌ബാക്ക് മോഡലുകൾ വിറ്റഴിക്കപ്പെട്ടു.കൂടുതലും ചൈനയിൽ ആണ് മെയ്‌ബാക്ക് മോഡലുകൾ വന്‍ തോതില്‍ വിറ്റത് എന്നാണ് കണക്കുകള്‍. എസ്-ക്ലാസിന്റെ ഏകദേശം 900 യൂണിറ്റുകൾ ഓരോ മാസവും ഡെലിവറി ചെയ്‍തു.  അതേസമയം, എഎംജി മോഡലുകളുടെ ആഗോള വിൽപ്പന 16.7 ശതമാനം ഉയർന്ന് 1,45,979 യൂണിറ്റിലെത്തി.

Top