ഇടിച്ച് തീ പിടിച്ചത് മെഴ്‌സിഡസ് ബെൻസിന്റെ അത്യാധുനിക കാര്‍, ചോദ്യ ചിഹ്നമായി ജര്‍മ്മൻ സുരക്ഷ..!

ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ വാഹനലോകവും ക്രിക്കറ്റ് ലോകവും. ജര്‍മ്മൻ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ അത്യാധുനിക സുരക്ഷാ സൌകര്യമുള്ള കാറാണ് അപകടത്തില്‍പ്പെട്ടത് എന്നതാണ് ശ്രദ്ധേയം. മെഴ്‌സിഡസ് എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെയാണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. ടാറ്റാ മോട്ടോഴ്‍സിന്റെ മുൻ ചെയര്‍മാൻ സൈറസ് മിസ്‍ത്രിയുടെ അപകടമരണത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിനും മുമ്പേയാണ് അത്യാധുനിക സുരക്ഷയുള്ള ജര്‍മ്മൻ കാറും മറ്റൊരു സെലിബ്രിറ്റിയും വീണ്ടും അപകടത്തില്‍പ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.

2022 സെപ്റ്റംബർ നാലിനാണ് സൈറസ് മിസ്ത്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മെഴ്‍സിഡസ് ബെൻസ് ജിഎല്‍സി കാർ അപകടത്തിൽപ്പെട്ടതും മിസ്ത്രിക്കും മറ്റൊരു സഹയാത്രികനും ജീവൻ നഷ്‍ടമായതും. ഈ അപകടം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഒപ്പം രാജ്യത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‍തു. എന്നാല്‍ ഇപ്പോഴിതാ സുരക്ഷയ്ക്ക് പേരു കേട്ട മറ്റൊരു ജര്‍മ്മൻ അത്യാഡംബര കാറാണ് അപകടത്തില്‍ ദാരുണമായി തകര്‍ന്നത് എന്നതാണ് വാഹനലോകത്തെ ഞെട്ടിപ്പിക്കുന്നത്.

ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപമാണ് ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ചത്. ഗുരുതര പരിക്കുകളോടെ പന്ത് ആശുപത്രിയിലാണ്. തലനാരിഴയ്ക്കാണ് അദ്ദേഹം മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം അപകടനില തരണം ചെയ്‍തതായി സൂചനയുണ്ട്.

ദില്ലി-ഡെറാഡൂൺ ഹൈവേയിൽ റൂർക്കി അതിർത്തിക്കടുത്താണ് അപകടമുണ്ടായതെന്നാണ് വിവരം. ഇന്ന് രാവിലെ സ്വന്തം നാടായ റൂർക്കിയിലേക്ക് പോകുന്നതിനിടെയാണ് പന്ത് അപകടത്തിൽപ്പെട്ടത്. റിഷഭ് പന്തിന്റെ ആഡംബര കാർ റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാറിന് നിമിഷങ്ങള്‍ക്കകം തീപിടിച്ചു. അപകസ്ഥലത്ത് തിരിച്ചറിയാൻ കഴിയാത്തവിധത്തില്‍ ചിതറിക്കിടക്കുകയാണ് കാറിന്റെ കരിഞ്ഞ അവശിഷ്ടങ്ങൾ. ഇത് അപകടത്തിന്റെ തീവ്രതയെക്കുറിച്ച് സൂചന നൽകുന്നു. തലയ്ക്കും മുതുകിനും കാലിനും പരിക്കേറ്റ പന്ത് കാറിന്റെ ചില്ല് പൊട്ടിച്ചാണ് പുറത്തെത്തിയത് എന്നാണ് വിവരം.

ഡൽഹി-നാർസൺ അതിർത്തിയിലെ ഡിവൈഡറിൽ ഇടിച്ച സമയത്ത് ഋഷഭ് പന്ത് തന്നെയാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് വൃത്തങ്ങൾ പറയുന്നത്. പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായതെന്നും വൃത്തഹ്ങള്‍ പറയുന്നു. അപകടം നടക്കുമ്പോൾ ക്രിക്കറ്റ് താരം വാഹനത്തില്‍ ഒറ്റയ്ക്കായിരുന്നുവെന്നും സംഭവം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടതൂർന്ന മൂടൽമഞ്ഞ് അപകടത്തിന് കാരണമായേക്കാമെന്നും പോലീസ് പറയുന്നു. അതേസമയം റിഷഭ് പന്ത് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇടിയുടെ ആഘാതത്തിൽ പന്തിന് കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ഡിവൈഡറിൽ ഇടിക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കാർ റോഡിൽ നിന്ന് തെന്നിമാറി ഡിവൈഡറിൽ ഇടിച്ചപ്പോൾ തീപിടിത്തമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. കാറിന് തീപിടിച്ച് മിനിറ്റുകൾക്കകം കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. നിരവധി ആഡംബര കാറുകളുണ്ട് ഋഷഭ് പന്തിന്റെ ഗാരേജിൽ. ഫോർഡ് മസ്‍താങ്, മെഴ്‌സിഡസ് ബൻസ് ജിഎൽസി, ബിഎംഡബ്ല്യു 6 സീരീസ് ജിടി ആഡംബര കാറുകൾ എന്നിവയും അദ്ദേഹത്തിനുണ്ട്.

എന്നാല്‍ സൈറസ് മിസ്ത്രിക്ക് സംഭവിച്ച ദുരന്തം പരിശോധിക്കുമ്പോള്‍ ബെൻസ് ജിഎൽസിയുടെ പിൻഭാഗത്ത് ഇരിക്കുന്ന മിസ്ത്രി അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. രാജ്യത്തെ കാർ യാത്രക്കാർക്കിടയിൽ ഇത് വ്യാപകമായ പ്രതിഭാസമാണ്. ബോധവൽക്കരണത്തിന്റെ അഭാവവും കാര്യക്ഷമമല്ലാത്ത നിർവ്വഹണവുമാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. ഈ അപകടത്തിന് പിന്നാലെ പല സംസ്ഥാനങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥർ ഇത് പരിശോധിക്കാൻ പരിശോധനകള്‍ ആരംഭിച്ചിരുന്നു. അതേസമയം ഋഷഭ് പന്തിന് സംഭവിച്ച അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നിലവില്‍ വ്യക്തമല്ല. കാറിന് തീ പിടിച്ചതിനുള്ള കാരണം ഉള്‍പ്പെടെയുള്ള വ്യക്തമായ വിവരങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരികയുള്ളൂ.

 

Top