EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്

ഡംബര വാഹന നിർമ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യത്തെ ആഢംബര ഇലക്ട്രിക് എസ്‌യുവിയാണ് മെര്‍സിഡീസ് EQC. ആഗോള വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഈ പതിപ്പിലും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക് എസ്‌യുവിയുടെ പ്രത്യേകതകളുള്ള രണ്ട് സ്‌റ്റൈലിംഗ് സൂചകങ്ങള്‍ EQC-ക്ക് ലഭിക്കും. ഇരുവശത്തും എല്‍ഇഡി ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പും ഗ്രില്ലില്‍ പ്രകാശിതമായ മെര്‍സിഡീസ് ബെന്‍സ് ബാഡ്ജിംഗും വാഹനത്തിന് ലഭിക്കുന്നു. ഇലക്ട്രിക് എസ് യുവിക്ക് സവിശേഷമായ ഡ്യുവല്‍-ടോണ്‍ ആറ് സ്പോക്ക് അലോയ് വീല്‍, റൂഫ് സ്പോയിലര്‍, ക്രോം ഫിനിഷുള്ള വിന്‍ഡോ-ലൈന്‍ എന്നിവയും വാഹനത്തിലുണ്ട്. പിന്‍ഭാഗത്ത്, ബൂട്ട് ലിഡിന് കുറുകെ നേര്‍ത്ത ലൈറ്റ് ബാര്‍ ഉപയോഗിച്ച് ടെയില്‍ ലാമ്പുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു.

 

മസ്സാജ് പ്രവർത്തനം വാഗ്ദാനം ചെയ്യുന്നവയാണ് മുൻ സീറ്റുകൾ. ഏറ്റവും പുതിയ തലമുറ MBUX സംവിധാനവും വാഹനത്തില്‍ ഇടംപിടിക്കും. 10.3 ഇഞ്ച് വലിയ ഡ്യുവല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എനെര്‍ജൈസിംഗ് കംഫര്‍ട്ട് കണ്‍ട്രോള്‍ പോലുള്ള സുഖസൗകര്യങ്ങളും മെര്‍സിഡീസ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്ത് നല്‍കുക. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

 

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, 405 bhp കരുത്തും 765 Nm torque ഉം സൃഷ്ടിക്കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. ഒറ്റ ചാര്‍ജില്‍ 471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

 

അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് EQC മത്സരിക്കുന്നത്. CBU റൂട്ട് വഴി EQC ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും. 99.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു, താമസിയാതെ ഡെലിവറിയും തുടങ്ങും.

Top