മെഴ്സിഡീസിന്റെ എ.എം.ജി ഗ്രാന്റ് എഡിഷന്‍ പുറത്തിറക്കി; വില 4 കോടിരൂപ; ഇന്ത്യക്ക് 25 എണ്ണം മാത്രം

ഗോളതലത്തില്‍ തന്നെ എത്തുന്ന 1000 യൂണിറ്റില്‍ 25 എണ്ണമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ്. പ്രീമിയം എസ്.യു.വി വാഹനമായ എ.എം.ജി ഗ്രാന്റ് 63-യുടെ പ്രത്യേക പതിപ്പാണ് ഈ വിവിഐപി. നാല് കോടി രൂപയാണ് ഗ്രാന്റ് എഡിഷന്‍ എന്ന പേരില്‍ എത്തുന്ന ജി-വാഗണിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആവോളം സവിശേഷതകള്‍ വരുത്തിയാണ് മെഴ്സിഡീസിന്റെ പരിമിതമായ പ്രത്യേക പതിപ്പ് നിരത്തുകളില്‍ എത്തുന്നത്.

ഇന്ത്യക്കായി എ.എം.ജി.ജി 63-യുടെ 25 യൂണിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും 2024-ന്റെ ആദ്യപാദത്തിലായിരിക്കും ഇവ വിപണിയില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനത്തിന്റെ സ്വന്തമാക്കാന്‍ മെഴ്സിഡീസ് മെയ്ബ, എസ്-ക്ലാസ്, എ.എം.ജി. എന്നീ വാഹനങ്ങളുടെ നിലിവിലെ ഉടമകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആവോളം സവിശേഷതകള്‍ വരുത്തിയാണ് ഈ ജി വാഗണിന്റെ പ്രത്യേക പതിപ്പ് നിരത്തുകളില്‍ എത്തുന്നത്.

സ്വര്‍ണ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള 22 ഇഞ്ച് സെന്റര്‍-ലോക്ക് ഫോര്‍ജ്ഡ് എ.എം.ജി. വീലുകളാണ് പ്രധാന ആകര്‍ഷണം. നൈറ്റ് ബ്ലാക്ക് നിറത്തിനൊപ്പം ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള ഗ്രാഫിക്സുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. വാഹനത്തിലെ ബമ്പറുകള്‍, സ്‌കിഡ് പ്ലേറ്റ്, സ്പെയര്‍ വീല്‍ റിങ്ങ് എന്നിവയിലെല്ലാം സ്വര്‍ണ നിറത്തിലുള്ള അലങ്കാരങ്ങള്‍ നല്‍കിയാണ് ഗ്രാന്റ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്.

വാഹനത്തിന്റെ ഉള്‍ഭാഗത്ത് ഭൂരിഭാഗം ഏരിയയും നാപ്പ ലെതറില്‍ പൊതുഞ്ഞാണ് തീര്‍ത്തിരിക്കുന്നത്. സീറ്റിലെ സ്റ്റിച്ചിങ്ങുകള്‍ സ്വര്‍ണ നിറത്തിലുള്ള നൂലിലാണ്. മറ്റ് പല സ്ഥലങ്ങളിലും ഈ നിറത്തിലെ അലങ്കാരങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. വാഹനം സ്പെഷ്യല്‍ എഡിഷനാണെന്ന് തെളിയിക്കുന്നതിനായി പാസഞ്ചര്‍ ഗ്രാബ് ഹാന്‍ഡിലില്‍ ഗ്രാന്റ് എഡിഷന്‍ എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.

പെര്‍ഫോമെന്‍സ് ശ്രേണിയില്‍ വരുന്ന വാഹനമായതിനാല്‍ തന്നെ ആഡംബരത്തിന് പുറമെ, കരുത്തും ഈ വാഹനത്തിന്റെ മുഖമുദ്രയാണ്. മെക്കാനിക്കലായി ഈ പതിപ്പ് എടുത്തു പറയേണ്ട മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലെന്നാണ് വിവരം. 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ജി-63യുടെ ഹൃദയം. ഇത് 585 ബി.എച്ച്.പി പവറും 850 എന്‍.എം ടോര്‍ക്കുമേകും. വെറും 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും ഈ കരുത്തന് സാധിക്കും.

Top