മെരാപ്പി അഗ്‌നിപര്‍വ്വതത്തിൽ പൊട്ടിത്തെറി; ഇന്തോനേഷ്യയില്‍ ജാഗ്രത

യോഗ്യകർത്താ: വീണ്ടും തീയും ചാരവും വമിപ്പിച്ച് മെരാപ്പി അഗ്നിപർവ്വതം. ഇന്തോനേഷ്യയിലെ മെരാപ്പി അഗ്നിപർവ്വതം രണ്ടാമത്തെ ആഴ്ചയിൽ വീണ്ടും സജീവമായത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. തീയും പുകയും ചാരവും കിലോമീറ്റർ ദൂരത്തിലേക്ക് വമിപ്പിച്ചുകൊണ്ടാണ് തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും അഗ്നിപർവ്വതം സജീവമായത്. ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്തോനേഷ്യൻ ആഭ്യന്തര വകുപ്പറിയിച്ചു.

അഗ്നിപർവ്വതം സജീവമായ ശേഷം കല്ലുംമണ്ണും ശക്തമായ രീതിയിൽ പുറത്തേക്ക് തെറിച്ചുകൊണ്ടിരിക്കുകയാണ്. താഴ്വാരത്തിൽ മലയിടിച്ചിലുമുണ്ടായതായാണ് വിവരം. സമീപപ്രദേശങ്ങളിൽ ഭൂചലനം പോലുള്ള കുലുക്കങ്ങളും അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടു കിലോമീറ്റർ ദൂരം വരെ തീയും ചാരവും തെറിച്ചുവീണുകൊണ്ടിരിക്കുകയാണ്. 2968 മീറ്റർ ഉയരമുള്ള വലിയ പർവ്വതമാണ് മെരാപ്പി. വലിയ ജനവാസമുള്ള ജാവ ദ്വീപിലാണ് മെരാപ്പിയുള്ള തെന്നതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്.

Top