മാനസിക സമ്മര്‍ദ്ദം ; പാര്‍ക്കന്‍ മൈതാനത്ത് പരിശീലിക്കാൻ മടിച്ച് ഡാനിഷ് കളിക്കാര്‍

കോപ്പെന്‍ഹേഗന്‍: കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ മൈതാനത്ത് ബെല്‍ജിയത്തെ നേരിടാനായി ഡെന്മാര്‍ക്ക് ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. തൊട്ടു മുന്‍പത്തെ മത്സരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരന്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണ മൈതാനമാണിത്. ആ മത്സരത്തില്‍ ഫിന്‍ലന്‍ഡിനോട് അട്ടിമറി തോല്‍വിയും ഏറ്റുവാങ്ങേണ്ടിവന്നു.

ബെല്‍ജിയത്തിനെതിരെ ഒരുങ്ങുന്ന ഡാനിഷ് താരങ്ങള്‍ ഈ മൈതാനത്ത് പരിശീലനത്തിന് എത്തിയില്ല. സാധാരണ കളിക്ക് ഒരുദിവസം മുന്‍പ് മൈതാനത്ത് പരിശീലനം നടത്തുകയായിരുന്നു പതിവ്. എന്നാല്‍, ഓര്‍മകള്‍ അവരെ വേട്ടയാടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളിക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ കൗണ്‍സിലിങ്ങിന് വിധേയരായെന്നും പറയപ്പെടുന്നു.

മൈതാനത്ത് പരിശീലനം നടത്തിയില്ലെങ്കിലും എല്ലാ കളിക്കാരും അവിടെ ഒരുവട്ടം സന്ദര്‍ശിച്ചശേഷം മടങ്ങുമെന്നായിരുന്നു പരിശീലകന്‍ കാസ്പര്‍ ജുല്‍മാണ്ട് അറിയിച്ചത്. പാര്‍ക്കെനില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ഹെല്‍സിങ്ങോറിലാണ് ടീം പരിശീലനം നടത്തിയത്. എറിക്‌സണ്‍ സംഭവം കളിക്കാരിലുണ്ടാക്കിയ ഞെട്ടല്‍ മാറിയിട്ടില്ലെന്ന് പരിശീലകന്‍ പറയുമ്പോഴും ബെല്‍ജിയത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ ടീമിന് ജയം അനിവാര്യമാണ്.

ബെല്‍ജിയത്തിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ എറിക്‌സണും അത് വൈകാരികമായ അനുഭവം ആയിരിക്കും. മൈതാനത്തിന്റെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് എറിക്‌സണ്‍. ഒരുപക്ഷെ, സ്റ്റേഡിയത്തിലെ ആരവം കേള്‍ക്കാവുന്ന ദൂരത്തില്‍ കളിക്കളത്തിലിറങ്ങാന്‍ കഴിയാത്തതിന്റെ വേദന എറിക്‌സണുണ്ടാകും.

മത്സരസമയം എറിക്‌സണ്‍ തന്റെ ജഴ്‌സിയണിയുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ ജുല്‍മണ്ട് പറഞ്ഞു. ലോക നിലവാരത്തിലുള്ള ടീമിനേയും ഡെന്മാര്‍ക്കിന് തോല്‍പ്പിക്കാന്‍ കഴിയും. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഒരു വലിയ മത്സരത്തിനയാണ് ഇറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top