മാനസീക പീഡനം; പ്രധാനാധ്യാപകനെതിരെ പരാതി നല്‍കിയ അധ്യാപകയ്‌ക്കെതിരെ നടപടി

തിരുവനന്തപുരം: മാനസിക പീഡനമാരോപിച്ച് പ്രധാന അധ്യാപകനെതിരെ പരാതി നല്‍കിയ അധ്യാപികക്ക് പിരിച്ചുവിടല്‍ നോട്ടീസ്. തിരുവനന്തപുരം വട്ടിയൂര്‍കാവ് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അധ്യാപികക്കാണ് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയത്.

മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സ്‌കൂലിളിലെ പ്രധാന അധ്യാപകന്‍ സുനില്‍ ചാക്കോയ്‌ക്കെതിരെ 25 വര്‍ഷത്തെ സര്‍വീസുള്ള അധ്യാപിക കഴിഞ്ഞ ആഗസ്റ്റിലാണ് പരാതിയുമായി എത്തിയത്.

സംസ്ഥാന വനിതാ കമ്മീഷനും വട്ടിയൂര്‍ക്കാവ് പൊലീസിലും അധ്യാപിക പരാതി നല്‍കിയിരുന്നു. അതിനിടെ അധ്യാപിക മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു. എന്നാല്‍ അനധികൃതമായി സ്‌കൂളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കാണിച്ച് കഴിഞ്ഞദിവസം സ്‌കൂള്‍ മാനേജ്‌മെന്റ് ഇവര്‍ക്ക് നോട്ടീസ് അയച്ചു. ജോലിയില്‍ നിന്ന് പിരിഞ്ഞു പോകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

അധ്യാപികയുടെ പരാതികളില്‍ അന്വേഷണം നടക്കവേയാണ് മാനെജ്‌മെന്റിന്റെ നടപടി. വനിതാ കമ്മീഷന്റെ തെളിവെടുപ്പില്‍ പരാതിക്കാരിയെ പിന്തുണച്ച മറ്റ് അധ്യാപകരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധ്യാപിക വിശദീകരണം നല്‍കിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

Top