കോച്ചിങ് സെന്ററുകളിലെ മാനസിക സമ്മര്‍ദ്ദം ; 60 ദിവസത്തിനിടെ 50 ആത്മഹത്യ

തെലങ്കാന: ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ രണ്ട് മാസത്തിനിടെ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന 50 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.

കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നത്.

തെലങ്കാനയിലും ആന്ധ്രയിലുമായി വിവിധ കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്ന 50 കുട്ടികളാണ് 60 ദിവസത്തിനിടെ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നത്.

കോച്ചിംഗ് സെന്ററുകള്‍ ചെലുത്തുന്ന അമിത സമ്മര്‍ദ്ദം, മാനസിക പീഡനം തുടങ്ങിയവയാണ് ശോഭനമായ ഭാവി സ്വപ്നം കണ്ട് പഠിക്കാനെത്തുന്ന ഈ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യാ വിവരങ്ങള്‍ പുറത്തുവന്നതോടെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോച്ചിങ് സെന്റര്‍ ഉടമകളുടെ യോഗം വിളിച്ചു.

ക്ലാസുകളുടെ സമയം പരമാവധി എട്ട് മണിക്കൂറായി നിജപ്പെടുത്തുക, കുട്ടികളുടെ മാനസിക നില കൂടി ഉള്‍ക്കൊള്ളുന്ന പഠന രീതി ഉറപ്പ് വരുത്തുക, ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുക, മാനസിക-ശാരീരിക പീഡനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.

എന്നാല്‍, കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിവിധ സംഘടകള്‍ ആവശ്യപ്പെട്ടു.

Top