മാനസിക ആരോഗ്യ രംഗം പ്രതിസന്ധിയിൽ; 16 ലക്ഷം കോടി ഡോളർ ചിലവഴിക്കണം!

mental

ലണ്ടൻ: 2030 ആകുമ്പോഴേക്കും ലോക രാഷ്ട്രങ്ങൾ 16 ലക്ഷം കോടി ഡോളർ മാനസികാരോഗ്യ മേഖലയിലേക്ക് ചിലവഴിക്കേണ്ടതായി വരുമെന്ന് റിപ്പോർട്ട്. മാനസികരോഗ്യം, പൊതുജനാരോജ്യം, ന്യൂറോ സയൻസ് തുടങ്ങിയ മേഖലയിൽ മികവ് തെളിയിച്ച ലോകത്തെ 28 വിദഗ്ധർ അടങ്ങിയ സംഘം നൽകിയ ‘ലാൻസെറ്റ് കമ്മിഷൻ’ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ലോക മാനസിക ദിനമായ ഒക്ടോബർ 10-നോട് അനുബന്ധിച്ചാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇത് ലോക രാഷ്ട്രങ്ങളെ ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ചേക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ലോകത്താകമാനം ഉള്ള ആളുകൾക്കും, സമൂഹങ്ങൾക്കുമിടയിൽ മാനസിക രോഗികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ചിലവഴിക്കേണ്ടി വരുന്ന തുകയിൽ ഭൂരിപക്ഷവും, ഉല്പാദനക്ഷമത നഷ്ടപ്പെടൽ, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ക്രമ സമാധാനം തുടങ്ങിയ നേരിട്ടല്ലാത്ത(indirect) പ്രശ്നങ്ങൾ കാരണമാകും എന്ന് റിപ്പോർട്ടറിന്റെ പ്രധാനികളിൽ ഒരാളായ വിക്രം പട്ടേൽ രേഖപ്പെടുത്തി. ഇതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ചെറിയ ഒരു തുക മാത്രമേ ആരോഗ്യമേഖലയിലെ മരുന്നുകൾക്കായും ചികിത്സകൾക്കായും ഒക്കെ ചിലവാക്കൂ എന്നാണ് റിപ്പോർട്ട് പറയുന്നത്.

കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ നാടകീയമായ രീതിയിൽ തന്നെ മാനസിക അസ്വാസ്ഥ്യം ബാധിച്ചവരുടെ എണ്ണം വർധിച്ചു എന്ന് പട്ടേൽ ചൂണ്ടിക്കാട്ടി. ഈ മേഖലയിലേക്ക് ഒരു രാജ്യവും മതിയായ സംഭാവനകൾ നൽകുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മറ്റു രോഗങ്ങൾക്കോ രോഗികൾക്കോ ലഭിക്കുന്ന തരത്തിലുള്ള പരിഗണന മാനസിക രോഗങ്ങളുടെ കാര്യത്തിൽ ലഭിക്കാത്തതാണ് ഏറ്റവും വലിയ പ്രശനം. പല സന്ദര്ഭങ്ങളിലും മാനസിക രോഗങ്ങൾക്ക് മതിയായ ചികിത്സാ ലഭിക്കാതെ പോകുന്നു എന്നതും ഈ പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആളുകളിൽ വിഷാദരോഗവും 50 ദശലക്ഷം ഡിമെൻഷ്യയും ഉണ്ട്. സ്കീസോഫ്രീനിയ ബാധിച്ച 23 ദശലക്ഷം ആളുകലും ബൈപോളാർ ഡിസോർഡർ ബാധിച്ച 60 ദശ ലക്ഷം ആളുകളും ലോകത്തുണ്ടെന്നാണ് കണക്ക്.

Top