ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും പരിഹസിച്ച് മേനകാഗാന്ധി

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികത്തൊഴിലാളികളെയും പരിഹസിച്ച മേനകാഗാന്ധിയുടെ നടപടി വിവാദത്തില്‍. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും മേനകാഗാന്ധി പരിഹസിച്ച് സംസാരിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ‘അദര്‍ പീപ്പിള്‍’ എന്നാണ് മേനകാ ഗാന്ധി വിശേഷിപ്പിച്ചത്. അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപറ്റി മേനകാ ഗാന്ധി സംസാരിച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാഗാന്ധിയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികതൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാന്‍ അറിയില്ലെന്നും അവര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

”ഞങ്ങളും ഈ രാജ്യത്തെ പൗരന്‍മാരാണ്, മനുഷ്യര്‍ തന്നെയാണ്. വിലകുറഞ്ഞ അംഗവിക്ഷേപത്തിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഒന്നാകെ ആക്ഷേപിച്ച മേനകാഗാന്ധി മാപ്പ് പറയണം. ഒരു ക്യാബിനറ്റ് മന്ത്രിയില്‍ നിന്നുള്ള ഈ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിക്കുന്നതും,ലജ്ജിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്” ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് മീര സംഗമിത്ര ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.

Top