കൊറോണയ്ക്ക് ആണുങ്ങളെ ‘പെരുത്തിഷ്ടം’; കൂടുതല്‍ ജീവനെടുക്കുമെന്ന് കണക്കുകള്‍!

സ്ത്രീകളെ അപേക്ഷിച്ച് കൊറോണാവൈറസ് ബാധിക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടുതലാണെന്ന് റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട മേഖലയില്‍ നടത്തിയ ഗവേഷണങ്ങള്‍ അനുസരിച്ചാണ് രോഗികളില്‍ പുരുഷന്‍മാരുടെ എണ്ണം കൂടുതലായി കണ്ടെത്തിയത്. വുഹാന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 54 ശതമാനം പേരും പുരുഷന്‍മാരാണ്.

മറ്റൊരു പഠനത്തില്‍ ആശുപത്രികളില്‍ എത്തിച്ചേരുന്ന രോഗികളില്‍ 68 ശതമാനവും ആണുങ്ങളാണെന്ന് കണ്ടെത്തിയതായി ബിസിനസ്സ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആണുങ്ങളെ എന്ത് കൊണ്ടാണ് വൈറസ് അധികമായി പിടികൂടുന്നതെന്ന് കണ്ടെത്താനുള്ള പരിശോധനകളാണ് നടക്കുന്നത്. സ്ത്രീകളും, കുട്ടികളും വൈറസില്‍ നിന്നും കൂടുതല്‍ സുരക്ഷിതരാകുന്നതിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്.

വൈറസ് ആര്‍ക്കാണ് ആദ്യം കിട്ടിയതെന്നത് മുതല്‍ സ്ത്രീകളുടെ ഹോര്‍മോണുകളിലെ ഇന്‍ഫെക്ഷനെ പ്രതിരോധിക്കാനുള്ള കഴിവുകള്‍ വരെ വിദഗ്ധര്‍ കാരണമായി കരുതുന്നു. ആദ്യ ഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ കാല്‍ശതമാനം പേരും ഐസിയുവില്‍ എത്തുകയും, നാല് ശതമാനം മരണപ്പെടുകയും ചെയ്തു. 22 വയസ്സാണ് ഏറ്റവും പ്രായം കുറഞ്ഞ രോഗിയ്ക്കുള്ളത്. ശരാശരി പ്രായം 56 വയസ്സുമാണ്.

വൈറസ് പിടികൂടിയ 46.4 ശതമാനം പേര്‍ക്കും മറ്റൊരു രോഗാവസ്ഥ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയാണ് പൊതുവായി ഉണ്ടായിരുന്നത്.

Top