‘പ്രാതിനിധ്യം നല്‍കിയാല്‍ അംഗമാകും’; മഹാഗഡ്ബന്ധന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ സിപിഐ

പാറ്റ്‌ന: ബിഹാറില്‍ പുതുതായി രൂപം കൊണ്ട മഹാഗഡ്ബന്ധന്‍ മന്ത്രിസഭയില്‍ പങ്കാളികളാകാന്‍ താല്‍പര്യമറിയിച്ച് സിപിഐ. ബിജെപിയുമായി സഖ്യമുപേക്ഷിച്ചതിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി ആര്‍ജെഡിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി പുതിയ സഖ്യം രൂപീകരിച്ചിരുന്നു.

സിപിഐ, സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും മന്ത്രിസ്ഥാനങ്ങള്‍ നിഷേധിച്ചിരുന്നു. മന്ത്രിസഭയില്‍ പങ്കാളികളാകാന്‍ അവസരം ലഭിച്ചാല്‍ അത് ബഹുമതിയായി കാണുമെന്നും സിപിഐ നേതാവ് അതുൽ കുമാർ അജ്ഞന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

”മറ്റ് ഇടത് പാര്‍ട്ടികളുടെ തീരുമാനത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. സിപിഐ ഇന്ത്യയിലെ ഏറ്റവും വലിയ ഇടത് പാര്‍ട്ടിയാണ് അതുകൊണ്ട് തന്നെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്. എച്ച് ഡി ഗൗഡയും ഐ കെ ഗുജറാലും പ്രധാനമന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായി 1996 മുതല്‍ 1998 വരെ സേവനം അനുഷ്ഠിച്ചിരുന്നു.’ അതുൽ കുമാർ അജ്ഞന്‍ പറഞ്ഞു.

ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പുതിയ മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ നിയമസഭയില്‍ രണ്ട് അംഗങ്ങളാണ് സിപിഐയ്ക്കുള്ളത്. നിയമസഭാ കൗണ്‍സിലിലും സിപിഐക്ക് പ്രാതിനിധ്യമുണ്ട്. ബിജെപി സഖ്യം വിടാന്‍ തീരുമാനിച്ച ജെഡിയുവിന്റെ തീരുമാനം 2024ലെ തെരഞ്ഞെടുപ്പില്‍ അനുകൂലമായ മാറ്റമുണ്ടാകുമെന്നും സിപിഐ അഭിപ്രായപ്പെട്ടു.

ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ എംഎല്‍, സിപിഐ, സിപിഐഎം, എച്ച്എഎം എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. 234 അംഗങ്ങളുള്ള നിയമസഭയില്‍ 160 എംഎല്‍എമാരാണ് മഹാഗഡ്ബന്ധന്‍ സഖ്യത്തിനുള്ളത്.

 

Top