ഒരു വര്‍ഷം മുമ്പേ യുക്രൈന്‍ കീഴടക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം

യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യ തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ഒരു റഷ്യന്‍ പാര്‍ലമെന്റ് അംഗം. ഒരു വര്‍ഷം മുമ്പേ യുക്രൈന്‍ കീഴടക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ എംപി റിഫാത്ത് ഷെയ്ഖുട്ദിനോവ് പറഞ്ഞു.

എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം തീരുമാനിച്ചുറപ്പിച്ചതല്ലെന്നും യാദൃച്ഛികമാണെന്നും ഡ്യൂമാ മെമ്പറായ അദ്ദേഹം അവകാശപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് നേരത്തെ അറിയാമായിരുന്നു. യുക്രൈന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇപ്പോള്‍ അധിനിവേശം നടത്തിയില്ലെങ്കില്‍ റഷ്യ ആക്രമിക്കപ്പെട്ടേനെ. രണ്ട് ദിവസത്തിനകം ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടി. അതിനാല്‍, പൗരന്മാരുടെ സുരക്ഷയ്ക്കായി പ്രതിരോധിക്കാന്‍ തയ്യാറായി എന്നുമായിരുന്നു റിഫാത്തിന്റെ വെളിപ്പെടുത്തല്‍.

അതിനിടെ നീപര്‍ നദീതീരത്തെ പ്രധാന നഗരമായ കേഴ്‌സന്‍ പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. നഗരഭരണ കേന്ദ്രം ഇപ്പോള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. കരിങ്കടലില്‍ നിന്നും കീവിലേയ്ക്കുള്ള പാത റഷ്യ കീഴടക്കി.

Top