മധ്യപ്രദേശിൽ ആചാരം തെറ്റിച്ച് ശ്രീകോവിലിൽ അതിക്രമിച്ച് കയറിയ രാജകുടുംബാംഗം അറസ്റ്റിൽ

പന്ന : മധ്യപ്രദേശിൽ ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ ജഗൽ കിഷോർ ക്ഷേത്രത്തിലായിരുന്നു സംഭവം. എല്ലാ വർഷവും ആചാരപ്രകാരം അർധരാത്രിയാണ് ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്.

ഇതിനിടെ ആചാരത്തെ തടസ്സപ്പെടുത്തി, ജിതേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ആരതി ഉഴിയുന്നതിനായി കയറിയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ ഇവർ ശ്രീകോവിൽനിന്ന് തെന്നിവീഴുകയും ചെയ്തു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തി ഇവരോട് ക്ഷേത്രപരിസരത്ത് നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ പൊലീസുമായും ക്ഷേത്രഭാരവാഹികളുമായും തർക്കത്തിലേർപ്പെട്ടു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ ഇവർ മദ്യപിച്ച് ക്ഷേത്രത്തിലെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്ന് നാട്ടുകാരും കുറ്റപ്പെടുത്തി.

ജന്മാഷ്ടമി ദിവസം ക്ഷേത്രത്തിലെ ആചാരപ്രകാരം രാജകുടുംബത്തിലെ പുരുഷന്മാർ ‘‘ചാൻവാർ’’ എന്ന ചടങ്ങ് ചെയ്യേണ്ടിയിരുന്നതായി പന്ന സൂപ്രണ്ട് ഓഫ് പൊലീസ് സായി കൃഷ്ണ എസ് തോട്ട വിശദീകരിച്ചു. ഇതിനായി ഇവരുടെ മകന് എത്തിച്ചേരാൻ കഴിയാത്തതിനാലാണ്, സ്വയം ആചാരം ചെയ്യുന്നതിനായി ശ്രീകോവിലിലേക്ക് ഇവർ കയറിയത്. സംഭവത്തിൽ ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു. എന്നാൽ പ്രതിരോധ വെൽഫയർ ഫണ്ടിൽ നിന്നും 65,000 കോടി സർക്കാർ അപഹരിച്ചെന്ന ആരോപണം ഉയർത്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ജിതേശ്വരി ദേവി പ്രതികരിച്ചു.

Top