മെല്‍ബണ്‍ റെനഗേഡ്‌സിനെ ഓസീസ് താരം നിക് മാഡിസണ്‍ നയിക്കും

രുന്ന ബിഗ് ബാഷ് ലീഗ് സീസണില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനെ ഓസീസ് താരം നിക് മാഡിസണ്‍ നയിക്കും. ഓസ്‌ട്രേലിയയുടെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ കൂടിയായ ആരോന്‍ ഫിഞ്ച് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മാഡിസണെ റെനഗേഡ്‌സ് ക്യാപ്റ്റനായി നിയമിച്ചത്. രാജ്യാന്തര മത്സരങ്ങള്‍ കൊണ്ട് നല്ല തിരക്കാണെന്നും കുടുംബവുമായി സമയം ചെലവഴിക്കാന്‍ സമയം കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫിഞ്ചിന്റെ പിന്മാറ്റം.

ബിബിഎലിന്റെ രണ്ടാം സീസണ്‍ മുതല്‍ റെനഗേഡ്‌സ് ക്യാപ്റ്റനാണ് ഫിഞ്ച്. കാല്‍മുട്ടില്‍ പരുക്കേറ്റ താരം ആദ്യ ചില മത്സരങ്ങളില്‍ കളിക്കാനിടയില്ല. ഷോണ്‍ മാര്‍ഷ്, മുഹമ്മദ് നബി, ജെയിംസ് പാറ്റിന്‍സണ്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ തുടങ്ങിയവരും റെനഗേഡ്‌സിന്റെ താരങ്ങളാണ്. ഡിസംബര്‍ അഞ്ച് മുതലാണ് ബിഗ് ബാഷ് ലീഗ് ആരംഭിക്കുക. ഏഴാം തീയതിയാണ് മെല്‍ബണ്‍ റെനഗേഡ്‌സിന്റെ ആദ്യ മത്സരം. അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സാണ് അവരുടെ എതിരാളികള്‍.

അതേസമയം, ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് മെല്‍ബണ്‍ റെനഗേഡ്‌സുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇതോടെ ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോര്‍ഡും ഉന്മുക്തിനു ലഭിച്ചു.

ഇന്ത്യയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഉന്മുക്ത് അടുത്തിടെ സമാപിച്ച മൈനര്‍ ലീഗ് ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ടൂര്‍ണമെന്റില്‍ 612 റണ്‍സോടെ ഉന്മുക്ത് ആയിരുന്നു ഏറ്റവും റണ്‍സ് നേടിയ താരം. ഈ പ്രകടനത്തിനു പിന്നാലെയാണ് ഉന്മുക്തിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണം വന്നത്.

 

Top