അമേരിക്കയിലെ അനധികൃത കുടിയേറ്റത്തെ വിമര്‍ശിച്ച് മെലാനിയ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ അതിര്‍ത്തിയിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് മെലാനിയ ട്രംപ് ആദ്യമായി പരസ്യ പ്രസ്താവന നടത്തി. അനധികൃത കുടിയേറ്റക്കാരുടെ വേര്‍പിരിഞ്ഞ കുട്ടികളെ കാണാനാഗ്രഹിക്കുന്നില്ലെന്നും, അങ്ങനയൊരു കാഴ്ച വെറുക്കുന്നുവെന്നും മെലാനിയ ട്രംപ് പറഞ്ഞു. മക്കളെ മാറ്റി പാര്‍പ്പിക്കുന്ന നയം അവസാനിപ്പിക്കണമെന്ന് മെലാനിയ സൂചിപ്പിച്ചു.

വിജയകരമായ കുടിയേറ്റ പരിഷ്‌ക്കരണത്തിനായി ഒരുമിച്ച് നില്‍ക്കാന്‍ കഴിയണമെന്നും, നിയമങ്ങളെ പിന്തുടരുന്ന രാജ്യമാകണമെന്നും മെലാനിയ വ്യക്തമാക്കി. കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ സ്റ്റെഫാനിയ ഗ്രാഷാമിനോടാണ് മെലാനിയ ട്രംപ് അനധികൃത കുടിയേറ്റത്തെ കുറിച്ച് പറഞ്ഞതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അസഹിഷ്ണുതയ്ക്ക് ഇരയായി ഒന്നര മാസം കൊണ്ട് വീട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ടുപോയത് 2000 കുട്ടികളാണ്. മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി വഴി അമേരിക്കയിലേക്ക് നുഴഞ്ഞുകയറിയ മാതാപിതാക്കളെ അമേരിക്കന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. മാതാപിതാക്കള്‍ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ ഒറ്റപ്പെട്ട് പോകുന്ന കുട്ടികളെ യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസിലേക്കാണ് മാറ്റുന്നത്. കുടിയേറ്റക്കാരെ കയ്യോടെ പിടികൂടാന്‍ നിയമം ശക്തമാക്കിയതോടെ ഇത്തരം നൂറ് സെന്ററുകളിലായി 1100 കുട്ടികളെങ്കിലും ഉണ്ടെന്നാണ് കണക്കുകള്‍.

Top