കേന്ദ്ര പദ്ധതികള്‍ ജനങ്ങളെ അറിയിക്കാന്‍ ചാറ്റ് ജിപിടിയെ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: എഐ ചാറ്റ് സംവിധാനം ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര ഇലക്ട്രോണിക് ആൻറ് ഐടി വകുപ്പാണ് ഇത്തരത്തിൽ ചാറ്റ് ജിപിടി സംവിധാനം ഉപയോഗപ്പെടുത്തി സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങൾ വിവരം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത്.

ഭാഷിണി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിൻറെ കീഴിലുള്ള ടീം നിലവിൽ വാട്ട്‌സ്ആപ്പിനായി ഒരു ചാറ്റ്ബോട്ട് വികസിപ്പിക്കുന്നു എന്നാണ് വിവരം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ഈ സംവിധാനം ചാറ്റ് ജിപിടിയിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കും.

ഗ്രാമീണരായ പലർക്കും ചിലപ്പോൾ ഈ ചാറ്റ്ബോട്ടിൽ ടൈപ്പ് ചെയ്യാൻ സാധിക്കില്ല. ഇത്തരം അവസരത്തിൽ വോയിസ് നോട്ടായി അവരുടെ സംശയങ്ങൾ ചോദിക്കാനും ഈ സംവിധാനത്തില് സാഘിക്കും. അതായത് ചാറ്റ്‌ബോട്ടിലേക്ക് അഭ്യർത്ഥനകൾ നടത്താൻ വോയ്‌സായും നൽകാം. ഇത്തരം ചോദ്യങ്ങളോട് ഈ ചാറ്റ് ബോട്ട് ശബ്ദത്തിൽ തന്നെ തിരിച്ചും മറുപടി നൽകാൻ പ്രാപ്തമാണ് എന്നാണ് റിപ്പോർട്ട്.

ഈ വർഷം ആദ്യം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നാദെല്ലയ്ക്ക് ഈ ബോട്ടിന്റെ ഒരു മാതൃക പ്രവർത്തിച്ച് കാണിച്ചുവെന്നാണ് മുതിർന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരു ദേശിയ മാധ്യമത്തോട് അവകാശപ്പെട്ടത്. ചാറ്റ്ബോട്ട് ചില മാധ്യമങ്ങൾക്ക് വേണ്ടി അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായി വോയ്‌സിലൂടെ ഉത്തരം നൽകിയെന്നാണ് റിപ്പോർട്ട് പറയുന്നത്.

നിലവിൽ ഈ ചാറ്റ്ബോട്ട് വിവിധ ഘട്ടങ്ങളിൽ പരീക്ഷണത്തിലാണ്. സർക്കാർ പദ്ധതികളെയും സബ്‌സിഡികളെയും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയിലെ ഗ്രാമീണരും, കാർഷികരുമാണ് അതിനാൽ തന്നെ അവരുടെ ഭാഷ ഉപയോഗ രീതികളെ സൂക്ഷ്മമായി മനസിലാക്കിയാണ് ഈ എഐ മോഡൽ ടെസ്റ്റ് നടത്തുന്നത് എന്നാണ് വിവരം.

Top