മെഹുൽ ചോക്‌സിയുടെ അനധികൃത ഡൊമിനിക്കൻ പ്രവേശനം ; കോടതി വാദം മാറ്റി വെച്ചു

ന്യൂഡല്‍ഹി : പിഎൻബി തട്ടിപ്പ്‌ കേസ്‌ പ്രതി മെഹുൽ ചോക്‌സി ഡൊമിനിക്കയില്‍ അനധികൃതമായി പ്രവേശിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേള്‍ക്കുന്നത് ജൂൺ 25 ലേക്ക് മാറ്റി. മാനസിക സമ്മർദവും ഉയർന്ന രക്തസമ്മർദവും മൂലം ചോക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

ചോക്‌സി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തില്‍ തുടരാനും കോടതി ഉത്തരവിട്ടു. തിങ്കളാഴ്‌ച കേസില്‍ വാദം തുടങ്ങാനിരുന്നതാണെങ്കിലും ചോക്‌സി കോടതിയില്‍ ഹാജരായില്ല. ചോക്‌സിയെ ഡൊമിനിക്കയിലെ ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷക സംഘം അറിയിച്ചത്.തുടര്‍ന്ന് ചോക്‌സിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ചീഫ് മജിസ്‌ട്രേറ്റ് കാരെറ്റ്-ജോർജ് വാദം കേള്‍ക്കുന്നത് ജൂൺ 25 ലേക്ക് മാറ്റുകയായിരുന്നു. ജൂൺ 17 ന് ചോക്‌സിയെ കോടതിയിൽ ഹാജരാക്കാനും ചീഫ് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.

Top