Mehbooba seeks Pak’s help for peace in Kashmir

mehabooba

ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാകിസ്താന്റെ സഹായം തേടി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

ശ്രീനഗറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് മെഹ്ബൂബ മുഫ്തി പാകിസ്താന്റെ പിന്തുണ ആരാഞ്ഞത്.

ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് പാകിസ്താന്റെ സഹകരണം കൂടിയേ തീരൂ. നമ്മളെല്ലാം ഒന്നാണെന്നും അയല്‍ക്കാരാണെന്നും പാകിസ്താന്‍ മനസിലാക്കണമെന്നും മെഹ്ബൂബ പറഞ്ഞു.

പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിന് താല്‍പര്യമുണ്ട്. ക്രമസമാധാനം പുനസ്ഥാപിച്ചതിന് ശേഷം മാത്രമേ പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കാനോ പ്രത്യേക സൈനിക അധികാര നിയമം പിന്‍വലിക്കാനോ സാധിക്കൂ. പ്രത്യേക സൈനിക അധികാര നിയമം ശാശ്വതമല്ലെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ ശാന്തതയും സമാധാനവും തിരികെകൊണ്ടുവരുന്നതിന് യുവാക്കളുടെയും പിന്തുണ വേണം.

ജൂലൈ ഒമ്പതിന് ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ 91 പേര്‍ കൊല്ലപ്പെടുകയും 12000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 100ല്‍ അധികം പേര്‍ക്കാണ് പെല്ലറ്റ് ആക്രമണത്തിലൂടെ കാഴ്ച നഷ്ടപ്പെട്ടത്.

Top