പിഡിപി-ബിജെപി സഖ്യത്തില്‍ ഒപ്പിട്ടത് പ്രകാരമാണ് താന്‍ തീരുമാനമെടുത്തതെന്ന് മെഹ്ബൂബ

ശ്രീനഗര്‍: ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി രംഗത്ത്. പിഡിപിയും ബിജെപിയും സഖ്യം ചേര്‍ന്നപ്പോള്‍ ഒപ്പിട്ടത് പ്രകാരമാണ് താന്‍ തീരുമാനങ്ങള്‍ എടുത്തിരുന്നതെന്ന് മെഹ്ബൂബ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ നേതാവിന്റെ കാര്യത്തില്‍ എന്തു തീരുമാനമാണ് ബിജെപി കൈക്കൊള്ളാന്‍ പോകുന്നതെന്നും മുഫ്തി ചോദിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി പിന്തുണ പിന്‍വലിച്ചതോടെ കശ്മീരിലെ പിഡിപി-ബിജെപി സര്‍ക്കാര്‍ തകര്‍ന്നത്. ‘ഞങ്ങളുടെ മുന്‍സഖ്യകക്ഷികള്‍ ഒരുപാടു തെറ്റായ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും രാം മാധവ് തയ്യാറാക്കി രാജ്‌നാഥ് ജി അംഗീകരിച്ച സഖ്യത്തിന്റെ അജണ്ടയില്‍ നിന്നും ഞങ്ങള്‍ ഒട്ടും ചാഞ്ചാടിയിട്ടില്ലെന്നും സ്വന്തം നീക്കങ്ങളെ നിരാകരിച്ച് ‘മൃദുസമീപനം’ എന്നു പറയുന്നതു കാണുന്നതു വിഷമകരമാണെന്നും മുഫ്തി പറഞ്ഞു.

ജമ്മുവിനോടും ലഡാക്കിനോടും സര്‍ക്കാര്‍ വിവേചനം കാണിച്ചു എന്ന ആരോപണത്തില്‍ വാസ്തവമില്ലെന്നും അവര്‍ പറഞ്ഞു. ഏറെ നാളുകളായി താഴ്‌വരയില്‍ ഉണ്ടാവുന്ന കലാപങ്ങളിലും 2014ലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നുകരുതി വികസനത്തില്‍ പിന്നാക്കം പോയെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും മെഹ്ബൂബ വ്യക്തമാക്കി.

Top