‘ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്’; കുടുംബാംഗങ്ങളുമായുളള ചിത്രം പങ്കുവെച്ച് മേഘ്‌നാ

കാലത്തില്‍ പൊലിഞ്ഞ കന്നട താരം ചിരഞ്ജീവി സര്‍ജയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ സ്‌നേഹപുഷ്പങ്ങള്‍ സമര്‍പ്പിച്ച് ഭാര്യ മേഘ്‌നാ രാജ്. താരത്തിന്റെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്’എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനു മുമ്പില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് മേഘ്‌ന പങ്കുവെച്ചത്.

‘പ്രിയപ്പെട്ട ചീരു’ എന്ന അഭിസംബോധനയോടെയാണ് മേഘ്‌നയുടെ കുറിപ്പ് തുടങ്ങുന്നത്. ‘ചീരു എന്നാല്‍ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്‍കിയത്. എന്റെ കുടുംബം. എല്ലായ്‌പ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്‌നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്മയും നിറഞ്ഞ ദിവസങ്ങള്‍,’ മേഘ്‌ന കുറിച്ചു.

ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതം മൂലം ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ നടുക്കിയ വേര്‍പാടായിരുന്നു അത്. ചിരഞ്ജീവി സര്‍ജയും മേഘ്‌നയും അവരുടെ ആദ്യത്തെ കണ്മണിയ്ക്കുള്ള കാത്തിരിപ്പിനിടയിലായിരുന്നു ഈ അപ്രതീക്ഷിത വിയോഗം.

Top