മേഘ്ന രാജിന് ആൺകുഞ്ഞ് പിറന്നു

തെന്നിന്ത്യൻ നടി മേഘ്ന രാജിന് ആൺകുഞ്ഞ് ജനിച്ചു. ഇന്ന് രാവിലെ ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മേഘ്നയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും കന്നട സിനിമാതാരവുമായിരുന്ന ചിരഞ്ജീവി സർജ അന്തരിച്ചിരുന്നു. ജീവിതത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുന്ന സന്തോഷവേളയിൽ ആയിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിതമായ വിയോഗം. അദ്ദേഹത്തിന്റെ വിടവാങ്ങൽ മേഘ്നയ്ക്കും കുടുംബത്തിനും ഒരു വലിയ ആഘാതവും ആയിരുന്നു.

ചിരഞ്ജീവിയുടെ കുടുംബത്തോടൊപ്പമാണ് മേഘന ഇപ്പോൾ താമസിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മേഘ്നയ്ക്ക് സർപ്രൈസ് ഒരുക്കി ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ സർജ ബേബി ഷവർ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു.

Top