കൈക്കൂലി ആരോപണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മേഘാലയ ഗവര്‍ണര്‍

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ഉന്നയിച്ച കൈകൂലി ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ജമ്മു കാശ്മീര്‍ ഗവര്‍ണറായിരിക്കെ ചില ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ അംബാനിയും ആര്‍എസ്എസ് നേതാവും 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സത്യപാല്‍ മാലിക്ക് ബിജെപിയെ വെട്ടിലാക്കി വിവാദ പ്രസ്താവന നടത്തിയത്.

150 കോടി രൂപ വീതമാണ് ഇരുകക്ഷികളും കൈക്കൂലിയായി വാഗ്ദാനം ചെയ്തതെന്നാണ് സത്യപാല്‍ മാലിക്ക് നേരത്തെ പറഞ്ഞത്. ജമ്മുകശ്മീര്‍ ആര്‍എസ്എസിന്റെ ചുമതല വഹിച്ചിരുന്നത് അക്കാലത്ത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് മാലിക്ക് അഭിപ്രായപ്പെട്ടത്.

ജമ്മുകാശ്മീരിലെ ആര്‍എസ്എസിന്റെ ചുമതല ആര്‍ക്കായിരുന്നു താന്‍ ഗവര്‍ണറായിരിക്കെ എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. താന്‍ ഇതില്‍ വ്യക്തിയുടെ പേര് ഒരിക്കലും പരാമര്‍ശിക്കില്ലെന്നും മാലിക്ക് അറിയിച്ചു. എന്നാല്‍ വ്യക്തിപരമായി ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സംഘടനയെ വലിച്ചിഴക്കുന്ന രീതി ശരിയല്ലെന്നാണ് മാലിക്ക് ഇക്കാര്യത്തില്‍ അഭിപ്രായപ്പെട്ടത്്.

മാലിക്കിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിന് ആരാണെന്നും എന്തിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയട്ടെയെന്നായിരുന്നു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാംമാധവ് പ്രതികരിച്ചത്. ഏതു സാഹചര്യത്തിലാണ് മാലിക്ക് ഇത്തരം പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും രാംമാധവ് അഭിപ്രായപ്പെട്ടു.

Top