‘മൃഗം ചത്താല്‍ പോലും അനുശോചിക്കുന്നവരാണ്’; കര്‍ഷകസമരത്തിനെതിരായ കേന്ദ്ര നിലപാടിനെതിരെ മേഘാലയ ഗവര്‍ണര്‍

ഷിലോങ്: കര്‍ഷകസമരത്തിനെതിരായ കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരത്തെ കുറിച്ച് സംസാരിക്കാന്‍ വിമുഖത അറിയിച്ച സത്യപാല്‍ മാലിക് താന്‍ ഇതില്‍ പ്രതികരിച്ചാല്‍ അത് പുതിയ വിവാദത്തിന് കാരണമാകുമെന്നും പ്രതികരിച്ചു.

ഏതെങ്കിലും ഒരു മൃഗം ചത്താല്‍ മാത്രമേ ഡല്‍ഹിയിലെ നേതാക്കള്‍ അനുശോചനം അറിയിക്കൂവെന്നും കര്‍ഷക സമരത്തിനിടെ 600ഓളം കര്‍ഷകര്‍ കൊല്ലപ്പെട്ടിട്ടും ഇവരാരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരോട് ആഭിമുഖ്യമുള്ളവര്‍ സര്‍ക്കാറിലുണ്ട്. എന്നാല്‍ ഒന്നു രണ്ടാളുകളുടെ കടുംപിടുത്തമാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷക സമരത്തിന് പുറമേ സെന്‍ട്രല്‍ വിസ്ത പദ്ധതിയെയും സത്യപാല്‍ മാലിക് വിമര്‍ശിച്ചു. ഡല്‍ഹിയിലെ ആളുകള്‍ അറിയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുമെന്നും സത്യാപാല്‍ മാലിക് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലും സത്യപാല്‍ മാലിക് കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിഷേധക്കാരെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Top