ലഡാക്കില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലഡാക്കില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. ലേ,കാര്‍ഗില്‍ ജില്ലകളിലായി 50,000 കോടി രൂപയുടെ മെഗാ സോളാര്‍ വൈദ്യുത പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപംനല്‍കുന്നത്.

ഇതിനായി സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ് പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ 7500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പദ്ധതിക്കായി ലേയില്‍ നിന്നും 117 കി.മീ. അകലെയുള്ള പാങ്ങിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ന്യോമയിലാണ് സോളാര്‍ പദ്ധതിക്ക് സ്ഥലം കണ്ടെത്തിയതെങ്കിലും വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട പ്രദേശമായതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പാങ്ങില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്.

ഇതിനുപുറമേ കാര്‍ഗിലിലെ രണ്ടിടങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കും ആദ്യഘട്ടത്തില്‍ 7500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉത്പാദനശേഷി പിന്നീട് 23000 മെഗവാട്ടായി ഉയര്‍ത്താനും ഊര്‍ജ മന്ത്രാലയം ആലോചിക്കുന്നു. പാങ്ങില്‍നിന്നും ഹിമാചല്‍ പ്രദേശിലെ മണാലി, ഹരിയാനയിലെ കൈഥാല്‍ എന്നിവിടങ്ങളിലൂടെയാണ് ഈ പദ്ധതിയുടെ പ്രസരണ പാത നിശ്ചയിച്ചിരിക്കുന്നത്. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. തുടര്‍ന്ന് ഇതുസംബന്ധിച്ച കരാര്‍ നിലവില്‍വരുന്ന ദിവസം മുതല്‍ 48 മാസത്തിനകം പദ്ധതി കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Top