പൊന്നാപുരം കോട്ടയിലും മുസ്ലീം ലീഗിന് ഉൾഭയം, സഖ്യ ചർച്ച തിരിച്ചടിച്ചേക്കും . . .

സ്.ഡി.പി.ഐയുടെയും പേപ്പുലര്‍ ഫ്രണ്ടിന്‍യും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകള്‍ വേണ്ട എന്ന് പരസ്യമായി പറയാന്‍ ധൈര്യമുണ്ടോ മുസ്ലീം ലീഗിന് ? ഇത്തരം സംഘടനകളുടെ വോട്ട് വേണ്ടന്ന് പറയാന്‍ രണ്ടേ രണ്ടു നേതാക്കളേ യു.ഡി.എഫില്‍ ഇതുവരെ ധൈര്യം കാണിച്ചിട്ടുള്ളൂ അത് ആര്യാടന്‍ മുഹമ്മദും കെ.എം ഷാജിയും മാത്രമാണ്.

കൊണ്ടോട്ടിയിലെ ലീഗ്-എസ്.ഡി.പി.ഐ നേതാക്കളുടെ കൂടിക്കാഴ്ച സംബന്ധമായി ഈ രണ്ട് നേതാക്കളുടെ അഭിപ്രായമാണ് ഇപ്പോള്‍ രാഷ്ട്രിയകേരളം തേടുന്നത്. പ്രസംഗം ഒന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്നതല്ല നയമെങ്കില്‍ ആര്യാടനും കെ.എം ഷാജി എം.എല്‍.എയും ഇതുസംബന്ധമായി പ്രതികരിച്ചേ പറ്റൂ.ചോട്ടാ നേതാക്കളുടെ കൂടിക്കാഴ്ചയല്ല കൊണ്ടോട്ടി കെ.ടി.ഡി.സി ഗസ്റ്റ് ഹൗസില്‍ നടന്നത്. ബഡാ നേതാക്കളുടെ ഒത്തുചേരല്‍ തന്നെയാണ്. എസ്.ഡി.പി.ഐ അദ്ധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസിയും മുസ്ലീം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും കൂടിക്കാഴ്ച സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി പുകമറ സൃഷ്ടിച്ച് ഒഴിഞ്ഞ് മാറാനും നിഷേധിക്കാനും ആരും ശ്രമിച്ചിട്ട് കാര്യമില്ല. ഡിജിറ്റല്‍ തെളിവുകള്‍ തന്നെ പുറത്ത് വന്നു കഴിഞ്ഞു.

മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയിലെ രണ്ട് ലോകസഭ സീറ്റില്‍ എന്തിനാണ് ലീഗിന് ഉള്‍ഭയം ? രണ്ടിടത്തും പച്ച ചുവപ്പിന് വഴിമാറുമെന്ന ഭീതിയാണ് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നോതക്കളുമായി കൂടിക്കാഴ്ചക്ക് വഴി ഒരുക്കിയത് എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലിം ലീഗിന്റെ ഈ കോട്ടകൊത്തളത്തില്‍ ഒരു സീറ്റ് നഷ്ടപ്പെട്ടാല്‍ പോലും ലീഗ് എന്ന പ്രസ്ഥാനത്തിന്റെ അടിവേര് തന്നെ തകരും. മഞ്ചേരിയിലൂടെ മുന്‍പ് ടി.കെ ഹംസ നല്‍കിയ ഷോക്കിന്റെ ഓര്‍മ്മയാണ് ഈ അവിശുദ്ധ സഖ്യത്തിന് ലീഗിനെ പ്രേരിപ്പിച്ചതെന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ തവണ കാല്‍ ലക്ഷത്തോളം വോട്ടാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പൊന്നാനിയില്‍ പിടിച്ചത്. ഇ.ടി മുഹമ്മദ് ബഷീര്‍ വിജയിച്ചതാകട്ടെ 25000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ്. ലക്ഷത്തിനും അപ്പുറം വോട്ട് വാങ്ങി സ്ഥിരമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന മണ്ഡലത്തിലാണ് ഈ മറിമായമെന്നതും ഓര്‍ക്കണം.പി.വി അന്‍വറല്ല ഏത് കുറ്റി ചൂലിനെ സി.പി.എം ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയാലും ലീഗിനെ ഭയപ്പെടുത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയും. കാരണം അത്രക്കും വെറുപ്പ് ലീഗ് നേതൃത്വത്തിന്റെ നിലപാടിനോട് അണികള്‍ക്കും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും ഉണ്ട്.

ജനിച്ചതു മുതല്‍ ‘കോണി കൊണ്ട് ലീഗ് നടത്തുന്ന കളി കണ്ട് മടുത്ത ഒരു പുതിയ തലമുറയും മാറ്റത്തിനു വേണ്ടിയാണ് മലപ്പുറത്തും പൊന്നാനിയിലും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അവസരം ലഭിച്ചാല്‍ അണികള്‍ തന്നെ ഈ കോണി എടുത്ത് മാറ്റുമെന്ന യാഥാര്‍ത്ഥ്യം ലീഗ് നേതാക്കള്‍ക്കും ഇപ്പോള്‍ നല്ലവണ്ണം അറിയാം.കാരണം ചില നേതാക്കളുടെ മാത്രം കുത്തകയാണ് ലീഗില്‍ സ്ഥാനമാനങ്ങള്‍.എം.പിയാകാനും എം.എല്‍.എ ആകാനും ഒക്കെ തങ്ങളും കുഞ്ഞാപ്പയുമൊക്കെ കനിയണം. പാര്‍ലമെന്ററി രംഗത്ത് അവഗണിക്കപ്പെട്ട നിരവധി ചെറുപ്പക്കാര്‍ ഉള്ള പ്രസ്ഥാനമാണ് ലീഗും അതിന്റെ പോഷക സംഘടനകളും.

തിരഞ്ഞെടുപ്പ് ചിഹനമായ ‘കോണി’യുടെ ഉപയോഗം പോലെ വലിയ വിഭാഗം പ്രവര്‍ത്തകരെയും നേതാക്കളെയും ഉപയോഗിച്ച് കഴിഞ്ഞാല്‍ മാറ്റി നിര്‍ത്തുന്നത് തന്നെയാണ് കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന ലീഗ് നയം. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ കണ്ട് യൂത്ത് ലീഗുകാരന്റെയും എം.എസ്.എഫുകാരന്റെയും ചങ്കിടിച്ചിട്ടുണ്ടാകും ഇപ്പോള്‍.ഒരു എസ്.എഫ്.ഐ പയ്യനെ തന്നെ കുഞ്ഞാലിക്കുട്ടിക്ക് എതിരായി സി.പി.എം സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.വി.പി സാനു എന്ന എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വിജയിച്ചാലും ഇല്ലങ്കിലും ഇടത് അണികളില്‍ ആവേശം പടര്‍ത്താന്‍ ഈ സ്ഥാനാര്‍ത്ഥിത്വം വഴി സിപിഎമ്മിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ സ്ഥലത്ത് പോലും ഇല്ലാതിരുന്നതിന് കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം സ്വന്തം അണികള്‍ പോലും ഇപ്പോഴും വിശ്വസിച്ചിട്ടില്ലന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ മലപ്പുറത്തെയും പൊന്നാനിയിലെയും ലീഗ് സ്ഥാനാര്‍ത്ഥികള്‍ പോപ്പുലര്‍ ഫ്രണ്ട് -എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ ഗൗരവമായി തന്നെ രാഷ്ട്രീയ കേരളവും കാണേണ്ടതാണ്.

അഭിമന്യു എന്ന ഒരു പാവം വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത പ്രസ്ഥാനത്തെ ലീഗ് നേതാക്കള്‍ കൂട്ടുപിടിക്കുന്നത് സ്വാഭാവികം. കാരണം രണ്ടു പേരുടെയും ശത്രു ഒന്ന് മാത്രമാണ് അത് കമ്യൂണിസ്റ്റുകളാണ്. ഇനി ആര്‍.എസ്.എസിനെ കൂടി കൂട്ടുപിടിച്ചാല്‍ ഈ സഖ്യം പൂര്‍ത്തിയാകും.മുന്‍പ് ബേപ്പൂരും വടകരയും നാം ആ സഖ്യവും കണ്ടതാണ്. കോ-ലീ-ബി സഖ്യത്തിലേക്ക് എസ് കൂടി ചേര്‍ത്ത് കോ-ലീ-ബി.’എസ’ സഖ്യമായി ഇനി ഉരുതിരിയുമോ എന്നാണ് കണ്ടറിയേണ്ടത്. വര്‍ഗ്ഗീയതക്കും ആക്രമണകാരികള്‍ക്കും എതിരെയാണ് നിലപാടെങ്കില്‍ കോണ്‍ഗ്രസ്സും ലീഗിന്റെ ഈ അവിശുദ്ധ കൂടികാഴ്ച സംബന്ധിച്ച് നിലപാട് വ്യക്തമാക്കണം.

രണ്ട് വോട്ടിനു വേണ്ടി ആരുടെയും വോട്ട് വാങ്ങാം, എന്ത് നിലപാടും സ്വീകരിക്കാം, എന്നാണ് നിലപാടെങ്കില്‍ അത് പരസ്യമായി പറഞ്ഞ് വേണം വോട്ട് ചോദിക്കാന്‍. വര്‍ഗ്ഗീയത സ്വന്തം പതാകയിലും പേരിലും അടയാളമാക്കിയ ഒരു പ്രസ്ഥാനത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല.നിങ്ങളുടെ കൂട്ടത്തില്‍ തന്നെ ഉള്ള ആര്യാടന്‍ മുഹമ്മദിനും കെ.എം ഷാജിക്കും ബോധ്യപ്പെടാത്തത് പാവം പൊന്നാനിയിലേയും മലപ്പുറത്തേയും വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ മുസ്ലീം ലീഗ് ഇനി ശ്രമിക്കരുത്. വര്‍ഗീയത . . . അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

Top