ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് ആദ്യം അയയ്ക്കുന്നത് ഈ ‘മിടുക്കിയെ’!

വള്‍ സംസാരിക്കും, മനുഷ്യരെ തിരിച്ചറിയും, ബഹിരാകാശത്ത് എന്തെല്ലാം ചെയ്യുമെന്ന് കാണിച്ചുതരും, സംസാരിക്കുമ്പോള്‍ മറുപടി നല്‍കാനും അവള്‍ മിടുക്കിയാണ്. ഇത് വ്യോമമിത്ര, ഐഎസ്ആര്‍ഒ വികസിപ്പിച്ച ബഹിരാകാശ മനുഷ്യ റോബോട്ട്. പകുതി ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ വരുന്ന വ്യോമമിത്രയെ ബഹിരാകാശത്തേക്ക് നടത്തുന്ന പരീക്ഷണ പറക്കലുകളില്‍ അയയ്ക്കാനാണ് ബഹിരാകാശ ഏജന്‍സി ഒരുങ്ങുന്നത്.

ഇന്ത്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന് മുന്നോടിയായാണ് വ്യോമമിത്രയുടെ പറക്കല്‍. ബഹിരാകാശ സഞ്ചാരികളുടെ നടപടികള്‍ അനുകരിക്കുന്ന വ്യോമമിത്ര ഇവരെ തിരിച്ചറിയുകയും, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു. ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഐഎസ്ആര്‍ഒ വ്യോമമിത്രയെ ലോകത്തിന് പരിചയപ്പെടുത്തിയത്.

‘ഹലോ, ഞാന്‍ വ്യോമമിത്ര, അര്‍ദ്ധ ഹ്യൂമനോയ്ഡിന്റെ ആദ്യ പ്രോട്ടോടൈപ്പ്’ എന്നാണ് ഈ റോബോട്ട് റിപ്പോര്‍ട്ടര്‍മാരെ അഭിസംബോധന ചെയ്തത്. കാലുകള്‍ ഇല്ലാത്തത് കൊണ്ടാണ് വ്യോമമിത്രയെ ഹാഫ് ഹ്യൂമനോയ്ഡ് എന്നുവിളിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. വശങ്ങളിലേക്കും, മുന്നോട്ടും വളയാന്‍ ഇതിന് സാധിക്കും. ചില പരീക്ഷണങ്ങള്‍ നടത്താനും, ഐഎസ്ആര്‍ഒ കമ്മാന്‍ഡ് സെന്ററുമായി ബന്ധം പുലര്‍ത്താനും വ്യോമമിത്രയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞനായ സാം ദയാല്‍ പറഞ്ഞു.

ഈ വര്‍ഷം ഒടുവില്‍ ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ ബഹിരാകാശ യാത്രയുടെ ഭാഗമായാകും വ്യോമമിത്ര ബഹിരാകാശത്തേക്ക് പറക്കുക. 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഭിമാന പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.

Top