ആശാറാം കേസ്; അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചത് 2000 ഭീഷണി കത്തുകള്‍

ajaypal

ന്യൂഡല്‍ഹി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ആശാറാം ബാപ്പുവിനെതിരായ കേസ് അന്വേഷിച്ച പൊലീസ് മേധാവിക്ക് ഇതുവരെ ലഭിച്ചത് രണ്ടായിരം ഭീഷണി കത്തുകളും ഫോണ്‍കോളുകളുമെന്ന് റിപ്പോര്‍ട്ട്.

ഇത്തരം ഭീഷണികളെല്ലാം മറികടന്നാണ് അജയ് പാല്‍ലംബയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന് ശിക്ഷ വാങ്ങി നല്‍കിയത്. 2013-ല്‍ നടന്ന സംഭവവത്തില്‍ ഇന്നാണ് രാജസ്ഥാനില്‍ ജോധ്പുര്‍ പ്രത്യേക കോടതി ആശാറാം ബാപ്പുവിന് ശിക്ഷ വിധിച്ചത്.

2013- ഓഗസ്റ്റിലാണ് കേസിന്റെ അന്വേഷണ ചുമതല ജോധ്പുര്‍ പടിഞ്ഞാര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആയിരുന്ന ലംബയക്ക് കൈമാറിയത്. നിരവധി സാക്ഷികള്‍ കൊല്ലപ്പെടുകയും ആശാറാമിന്റെ അനുയായികളുടെ ഭീഷണികളും നിലനില്‍ക്കുന്നതിനിടെയാണ്. വിവാദമായ കേസ് അദ്ദേഹം ഏറ്റെടുത്തത്.

ആശാറാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നുള്ള നിരന്തരം ഭീഷണി കത്തുകള്‍ വന്ന് കൊണ്ടേയിരുന്നുവെന്നും മൊബൈല്‍ ഫോണും ഭീഷണി സന്ദേശം കൊണ്ട് നിര്‍ത്താതെ ബെല്ലടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ താമസം ഉദയ്പുറിലേക്ക് മാറിയതോടെ ഭീഷണി കത്തുകള്‍ വരുന്നത് നിലച്ചെന്നും ലംബ പറയുന്നു.

2005 ബാച്ചിലെ ഐപിഎസ് ഓഫീസറായ ലംബ നിലവില്‍ ജോധ്പുര്‍ എസ്.പി (അഴിമതി വിരുദ്ധ ബ്യൂറോ)യാണ്. ഭീഷണിയെ തുടര്‍ന്ന് കുറച്ച് കാലം മകള്‍ സ്‌കൂളിലോ ഭാര്യ വീടിന് പുറത്തോ പോകാറില്ലായിരുന്നുവെന്നും അന്വേഷ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ ചഞ്ചല്‍ മിശ്രയും സമാനമായ ഭീഷണിയാണ് നേരിട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേ സമയം കേസില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായില്ലെന്നും ഏറെ സങ്കീര്‍ണ്ണമായിരുന്നു കേസെന്നും ലംബ പറഞ്ഞു.

Top