ലേഡി സൂപ്പര്‍ സ്റ്റാറിന് ഭീഷണിയായി മീര വരുന്നു . . പുതിയ ഭാവത്തിലും വേഷത്തിലും

Manju warrior meera jasmin

കൊച്ചി: നടി മീരാ ജാസ്മിന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകും !

ലേഡി സൂപ്പര്‍ സ്റ്റാര്‍ ‘പട്ടം’ ഉപയോഗിച്ച് വിലസുന്ന നടി മഞ്ജു വാര്യര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ സിനിമാരംഗത്തെ പ്രമുഖര്‍ തന്നെയാണ് മീര ജാസ്മിനെ രംഗത്തിറക്കുന്നത്.

മീര ജാസ്മിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമയുടെ കഥയും അണിയറയില്‍ റെഡിയായി വരുന്നതായാണ് അറിയുന്നത്.

മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച കമ്പനിയാണ് സിനിമാ നിര്‍മാണത്തിനു പിന്നില്‍.

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ സിനിമാ ലോകത്തെ വലിയ വിഭാഗവും, പ്രേക്ഷകരും മീര തിരിച്ചു വന്നാല്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നത്.

ഇപ്പോള്‍ ദുബായില്‍ ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മീര ആദ്യം അഭിനയരംഗത്തേക്ക് തിരിച്ചു വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പ്രമുഖ താരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് സമ്മതം മൂളിയതത്രെ.

മഞ്ജു വാര്യര്‍ക്ക് ‘ഹൗ ഓള്‍ഡ് ആര്‍ യു’എന്ന സിനിമ രണ്ടാം വരവിന് കളമൊരുക്കിയതിനാല്‍ ഇതിനേക്കാള്‍ വലിയ ഗംഭീര റീ എന്‍ട്രി മീരക്ക് ലഭിക്കുന്ന തരത്തിലാണ് കഥയും കഥാപാത്രങ്ങളും പുതിയ സിനിമയില്‍ ഒരുക്കുന്നത്.

മഞ്ജു വാര്യര്‍ക്ക് പരസ്യമേഖലയിലുള്ള മേധാവിത്വത്തിനും മീരയുടെ രണ്ടാം വരവ് വലിയ ഭീഷണിയായേക്കും.

അഭിനയകാര്യത്തില്‍ മഞ്ജുവിനോട് കിടപിടിക്കാവുന്ന അഭിനയം കാഴ്ചവെച്ച താരമാണ് മീര ജാസ്മിന്‍.

സിനിമയോടൊപ്പം പരസ്യമേഖലയിലും സേവന പ്രവര്‍ത്തനങ്ങളിലും മീര സജീവമാകണമെന്ന നിര്‍ദ്ദേശം മീരക്ക് മേല്‍ തിരിച്ചു വരാന്‍ സമ്മര്‍ദ്ദം ചെലുത്തിയവര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

‘ആരോടും ഉള്ള മത്സരത്തിനല്ല, മറിച്ച് മലയാളം സിനിമ കണ്ട മികച്ച നടിയുടെ തിരിച്ചുവരവ് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും’ അവര്‍ വ്യക്തമാക്കി.

എന്നാല്‍ മഞ്ജു വാര്യരോടും വുമണ്‍ സിനിമ കളക്ടീവിനോടും ഒരു താല്‍പ്പര്യവുമില്ലാത്ത താരമാണ് മീരാ ജാസ്മിന്‍ എന്നതിനാല്‍ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ മറ്റു ചില താല്‍പ്പര്യങ്ങള്‍ കൂടി ഉണ്ടെന്നാണ് അണിയറ സംസാരം.

മഞ്ജുവിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ‘പട്ടം’ തെറിപ്പിക്കുക മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയ താല്‍പ്പര്യം മഞ്ജു കാണിച്ചാല്‍ ഒത്ത എതിരാളിയായി വേണ്ടിവന്നാല്‍ മീരയെ രംഗത്തിറക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് തന്നെയാണ് മഞ്ജുവിനെയും മീരാ ജാസ്മിനെയും മലയാള സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്.

ലോഹിതദാസ് തിരക്കഥ എഴുതിയ സല്ലാപത്തിലൂടെ മഞ്ജു വാര്യരും, സൂത്രധാരനിലുടെ മീരാ ജാസ്മിനും മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി.

ലോഹിതദാസ് തിരക്കഥ എഴുതുന്ന സിനിമകളിലെ കഥാപാത്രങ്ങളെ നിശ്ചയിക്കുന്നത് അദ്ദേഹം തന്നെയാണ്.

‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ പോലും പുതുമുഖ നായികയായി സംയുക്ത വര്‍മ്മ രംഗത്ത് വന്നതും ലോഹിതദാസ് സത്യന്‍ അന്തിക്കാടിന് നല്‍കിയ ആത്മ വിശ്വാസത്തിന്റെ ബലത്തിലായിരുന്നു.

ലോഹിതദാസിന്റെ ഈ രണ്ട് ശിഷ്യകളുടെ പരസ്പരമുള്ള ‘ഏറ്റുമുട്ടലിനുള്ള’വേദിയായി ഇനി മലയാള സിനിമ മാറുമോ എന്നതാണ് കണ്ടറിയേണ്ടത്.

റിപ്പോര്‍ട്ട്: ജ്യോതിലക്ഷ്മി മോഹന്‍Related posts

Back to top