ദൃശ്യം 2-ൽ ജോയിൻ ചെയ്യാൻ ഒരുങ്ങി മീന; ബഹിരകാശയാത്ര പോലെ വിമാനയാത്ര എന്ന് താരം

കോവിഡ് കാലം തുടങ്ങിയതിൽ പിന്നെ സിനിമ ചിത്രീകരണവും, യാത്രകളും, പുറത്ത് പോക്കും ഇല്ലാതെ വീടുകളിൽ തന്നെ ഒതുങ്ങി കൂടുകയാണ് മിക്ക സിനിമ താരങ്ങളും. ഇപ്പോഴിതാ ദൃശ്യം 2 ഷൂട്ടിംഗിന് പോകാൻ ഒരുങ്ങിയ നടി മീന തന്റെ യാത്ര അനുഭവം പങ്കുവെക്കുകയാണ്. പി. പി. ഇ കിറ്റ് അണിഞ്ഞ ചിത്രത്തിനൊപ്പം ഒരു കുറിപ്പും മീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

‘ബഹിരാകാശത്തേക്കുള്ള യാത്ര പോലെ തോന്നുമെങ്കിലും ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്. ഏഴു മാസങ്ങള്‍ക്ക് ശേഷം യാത്ര ചെയ്യുന്നു. ശാന്തവും വിജനവുമായ എയര്‍പോര്‍ട്ട് കണ്ട് ആശ്ചര്യം തോന്നി. പലരും എന്നെ പോലെ പിപി ഡ്രസ്സ് ധരിച്ചിട്ടില്ലെന്ന് കണ്ട് അതിശയവും. ഇതാണ് ധരിക്കാന്‍ ഏറ്റവും അസുഖകരമായ വസ്ത്രമെന്ന് ഞാന്‍ പറയും. കാലാവസ്ഥ തണുത്തതാണെങ്കില്‍ കൂടി ഇതിനകത്ത് നമ്മള്‍ വിയര്‍ക്കും. നിങ്ങളുടെ മുഖം തുടയ്ക്കാന്‍ കഴിയില്ല, ഗ്ലൗസ് കൂടി അണിയുമ്പോള്‍ പ്രത്യേകിച്ചും. രാവും പകലും ഇതിനകത്ത് ജീവിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വളരെയധികം അസ്വസ്ഥതകള്‍ക്കിടയിലും അവര്‍ നമ്മുടെ വേദനകള്‍ മനസ്സിലാക്കുകയും നമ്മളെ പരിപാലിക്കുകയും ചെയ്യുന്നു. അവരോടുള്ള എന്റെ ബഹുമാനം കൂടിയിരിക്കുന്നു. സഹജീവികളോടുള്ള നിങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് നന്ദി.’

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ പുനരാരംഭിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത് മീനയാണ്.

Top