സര്‍ക്കാര്‍ ജീവനക്കാര്‍ക്കുുള്ള ഇന്‍ഷുറന്‍സ് പദ്ധതി ; റിലയന്‍സിനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (മെഡിസെപ്) നിന്നു റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.

റീ ടെന്‍ഡര്‍ ചെയ്യുന്നതിന്റെ ഭാഗമായി ചികിത്സാ നിരക്കുകള്‍ വര്‍ധിപ്പിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ പര്യാപ്തമല്ലെന്ന വാദവുമായി സ്വകാര്യ ആശുപത്രികള്‍ വിട്ടുനിന്നതോടെയാണു റിലയന്‍സിനു നല്‍കിയ കരാര്‍ നടപ്പാക്കാനാകാത്തത്. ആശുപത്രികള്‍ 40% വരെ വര്‍ധന ആവശ്യപ്പെടുന്നെങ്കിലും 30% വര്‍ധനയ്ക്കാണു സാധ്യത.

ആദ്യ ടെന്‍ഡറില്‍ വര്‍ഷം 3600 രൂപയില്‍ താഴെ പ്രീമിയത്തിനു പദ്ധതി നടപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. റിലയന്‍സ് 2992.48 രൂപ ക്വോട്ട് ചെയ്തപ്പോള്‍ മറ്റു കമ്പനികള്‍ 5000 രൂപയ്ക്കു മുകളില്‍ പ്രീമിയം ആവശ്യപ്പെട്ടു. പ്രീമിയം പരിധി നിശ്ചയിച്ചു ടെന്‍ഡര്‍ ക്ഷണിച്ചതിനാല്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത രണ്ടാമത്തെ കമ്പനിയെ ക്ഷണിക്കാന്‍ നിയമതടസ്സമുണ്ട്. ഇനി ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ പ്രീമിയം പരിധി 5000 രൂപയില്‍ താഴെയായിരിക്കണമെന്ന നിബന്ധന വച്ചേക്കും

മെഡിസെപിന്റെ നടത്തിപ്പ് ചുമതല് റിലയന്‍സിന് കൈമാറാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടിരുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനവും പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറാവാത്തതാണ് പദ്ധതി ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആവാനുള്ള കാരണം.

Top