Medicine rate hiked

ന്യൂഡല്‍ഹി: 74 ജീവന്‍രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയില്‍ നല്‍കിയിരുന്ന കിഴിവ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതോടെ ഈ മരുന്നുകളുടെ വില വന്‍തോതില്‍ ഉയരും. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയാണിത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

അര്‍ബുദം, എച്ച്. ഐ. വി തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവയില്‍ ലഭിച്ചിരുന്ന കിഴിവാണ് പിന്‍വലിച്ചത്. ചില മരുന്നുകളുടെ ഇറക്കുമതി തീരുവ 35 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച വിജ്ഞാപനം കസ്റ്റംസ്എക്‌സ്‌സൈ് സെന്‍ട്രല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കി.

മൂത്രാശയത്തിലെ കല്ല്, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ഹൃദ്‌രോഗം, പ്രമേഹം, പാര്‍ക്കിന്‍സന്‍സ് തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ഉപയോഗിച്ചിരുന്ന വിവിധ തരം മരുന്നകളുടെ ഇറക്കുമതി തീരുവയാണ് എടുത്തുകളഞ്ഞത്. രക്തസ്രാവവും രക്തം കട്ടപിടിക്കുന്നതും തടയുന്നതിനുള്ള മരുന്ന്, ലൂപ്പസ്, കുട്ടികളിലെ വളര്‍ച്ച ശോഷിക്കുന്നത് തടയുന്നതിനുള്ള മരുന്ന് തുടങ്ങിയവയുടെ വിലകളും വര്‍ദ്ധിപ്പിക്കും.

അര്‍ബുദത്തിനും എച്ച്. ഐ. വിക്കുമുള്ള മരുന്നുകളില്‍ പലതും ഇപ്പോള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് വിലയെ ബാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. ഇറക്കുമതിയുടെ ചെലവേറിയ സാഹചര്യത്തില്‍ വിലകുറഞ്ഞതും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതുമായ മരുന്നുകള്‍ കൂടുതലായി വിറ്റഴിക്കപ്പെടുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു

Top