യു.എ.ഇ.താമസ വിസയ്ക്കായുള്ള മെഡിക്കല്‍ സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു

medical

അബുദാബി: താമസ വിസയ്ക്കായുള്ള മെഡിക്കല്‍ സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് യു.എ.ഇ. പത്തില്‍നിന്ന് പതിനെട്ടായാണ് എണ്ണം ഉയര്‍ത്തിയത്. സേവനം കൂടുതലാളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മൂന്നുകേന്ദ്രങ്ങള്‍ ഒക്ടോബര്‍ മാസത്തോടെ ആരംഭിക്കും. രണ്ടെണ്ണം ഷാര്‍ജയിലും ഒന്ന് ഫുജൈറയിലുമാണ്. 2018-ല്‍ 7,52,000 ആളുകള്‍ക്കാണ് മെഡിക്കല്‍ സേവനം ലഭ്യമാക്കിയത്. ഒരാള്‍ക്ക് ഏഴ് മിനിറ്റില്‍ സേവനം ലഭ്യമാക്കുകയെന്നനേട്ടം കേന്ദ്രങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു.

പകര്‍ച്ചവ്യാധികളെ പൂര്‍ണമായും പ്രതിരോധിച്ച് തീര്‍ത്തും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് മെഡിക്കല്‍ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കേന്ദ്രങ്ങളില്‍ നിര്‍മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സേവനങ്ങളും ലഭ്യമാക്കും. പരിശോധനാ ഫലത്തിന് 98 ശതമാനം കൃത്യത നല്‍കാനും ഇതിലൂടെ കഴിയും. പാസ്‌പോര്‍ട്ടും വിസയും രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോയുമാണ് മെഡിക്കലിന് ആവശ്യമായ രേഖകള്‍. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ എമിറേറ്റ്സ് ഐഡിയും ആവശ്യമാണ്.

ഉപഭോക്തൃകേന്ദ്രീകൃത സേവനത്തിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രാലയം ഹെല്‍ത്ത് അസിസ്റ്റന്റ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദെല്‍ റഹ്മാന്‍ അല്‍ റന്‍ദ് പറഞ്ഞു. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ രണ്ട് വീതവും അജ്മാന്‍, ഉമ്മല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രം വീതവുമാണ് ആരംഭിക്കുക.

Top