ഇന്ത്യയില്‍ കൊറോണ കേസുകള്‍ 73; അടിയന്തര സാഹചര്യത്തില്‍ മാത്രം മതി യാത്ര!

പുതിയ കൊറോണാവൈറസ് മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന വിധിയെഴുതുകയും, സീസണില്‍ വരുന്ന പനിക്കാലത്തേക്കാള്‍ 10 ഇരട്ടി മാരകമായ ഈ വൈറസെന്ന് യുഎസ് സര്‍ക്കാരിന്റെ മുതിര്‍ന്ന പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് പിന്നാലെ ഇന്ത്യയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 73 ആയി ഉയര്‍ന്നു.

ആഗോള തലത്തില്‍ 126,000ലേറെ പേര്‍ക്ക് ബാധിക്കപ്പെട്ട ഇന്‍ഫെക്ഷന്‍ മൂലം 4624 പേര്‍ മരണമടഞ്ഞെന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിടുന്ന കണക്ക്. ഇന്ത്യയില്‍ 73 പേര്‍ക്കാണ് വ്യാഴാഴ്ച രാവിലെ വരെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ ഇന്ത്യന്‍ വംശജരായ വിദേശീയരുടെ വിസാരഹിത യാത്രാ സൗകര്യം ഉള്‍പ്പെടെയുള്ള വിസകള്‍ ഇന്ത്യാ ഗവണ്‍മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പുറമെ നിന്നും സഞ്ചരിച്ചെത്തുന്ന യാത്രക്കാര്‍ രാജ്യത്ത് കൂടുതല്‍ ഇന്‍ഫെക്ഷന്‍ പടര്‍ത്തുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഇതിനിടെ രോഗം പടര്‍ന്നുപിടിച്ച ഇറാനില്‍ 6000 ഇന്ത്യക്കാരാണ് കുടുങ്ങിയിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 1100 തീര്‍ത്ഥാടകരും, 300 വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ ടീമിനെ അയയ്ക്കുന്നതായി എസ് ജയശങ്കര്‍ ലോക്‌സഭയെ അറിയിച്ചു. നെഗറ്റീവായി സ്ഥിരീകരിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങള്‍ കൊറോണാവൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇതിന് പുറമെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ 529 സാമ്പിളുകളില്‍ 229 എണ്ണവും കൊറോണാവൈറസ് നെഗറ്റീവ് ആയെന്ന് ജയശങ്കര്‍ വ്യക്തമാക്കി. ഇവിടെ കുടുങ്ങിയവരെ മടക്കിയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൊറോണയെ നിയന്ത്രിക്കാന്‍ യത്‌നിക്കുന്ന മെഡിക്കല്‍ മേഖലയെയും, എയര്‍ ഇന്ത്യ ജീവനക്കാരെയും വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ഇന്ത്യക്കാര്‍ക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ഉപദേശം നല്‍കിയിട്ടുണ്ട്.

Top