തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസില്‍ ചന്തവിള കിന്‍ഫ്ര വിഡിയോ പാര്‍ക്കിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. കോതമംഗലം ചിറയ്ക്കല്‍ ഹൗസില്‍ എന്‍ ഹരിയുടെ മകന്‍ നിതിന്‍ സി ഹരിയാണ് (21) മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു പി എസിനെ(22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതര പരിക്കേറ്റ നിതിനെ സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപതിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നിതിന്‍.

ഇന്ന് പുലര്‍ച്ച നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ആറ്റിങ്ങള്‍ രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് നിസ്സാര പരിക്കുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായാണ് വിവരം. കാറില്‍നിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top