കരഞ്ഞുപറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല ; രോഗികളെ വലച്ച് മെഡിക്കല്‍ ബന്ദ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശോധിക്കുന്നതിനിടെ ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ഇന്ന് രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദിനെ തുടര്‍ന്ന് രോഗികളോട് ക്രൂര അവഗണനയാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്.

പനിപിടിച്ച് അവശയായ രോഗി കരഞ്ഞുപറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സംഭവം.

അതേസമയം, പ്രതീകാത്മക സമരത്തിനുശേഷം സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ആരും ജോലിക്കെത്തിയിട്ടില്ല. രാവിലെ മുതല്‍ ബുക്കിങ്ങിനായി വിളിക്കുന്നവരോട് ഡോക്ടര്‍മാരില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഹോമിയോപ്പതി, ആയുര്‍വേദം എന്നിവ ഉള്‍പ്പടെയുള്ളവയില്‍ ബിരുദമുള്ളവര്‍ക്ക് അലോപ്പതി പരിശീലിനത്തിന് അവസരം നല്‍കാന്‍ പ്രത്യേക ‘ബ്രിജ് കോഴ്‌സ്’ ആരംഭിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ബില്ലിലുള്ള വ്യവസ്ഥയാണു ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനു വഴിവെച്ചത്.

ആയുര്‍വേദം, യോഗാ-പ്രകൃതി ചികില്‍സ, യുനാനി, സിദ്ധ തുടങ്ങിയവയാണ് ഇന്ത്യന്‍ മെഡിസിന്‍ കൗണ്‍സിലിനു കീഴില്‍ വരുന്ന ചികില്‍സാവിധികള്‍. എംബിബിഎസ് ബിരുദം ഇല്ലാത്തവര്‍ക്കു മെഡിക്കല്‍ പ്രാക്ടീസിന് അവസരം നല്‍കാനുള്ള നീക്കം കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നു. വ്യാജ വൈദ്യത്തിനു നിയമപരിരക്ഷ നല്‍കാനാണു ബില്ലെന്നും അവര്‍ ആരോപിക്കുന്നു.

Top