സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന് വില കൂട്ടുന്നു

കൊച്ചി: കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നതിനിടെ സംസ്ഥാനത്തു മെഡിക്കൽ ഓക്സിജനു വില കൂട്ടുന്നു. 11.50 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റർ ഓക്സിജന്റെ വില 17 രൂപയാകും. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജൻ ഉൽപാദകരായ പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകൾ വില കൂട്ടുന്ന വിവരം സംസ്ഥാനത്തെ വിതരണക്കാരെ വാക്കാൽ അറിയിച്ചു.

ഓക്സിജൻ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽനിന്നു കിൻഫ്ര മുഖേനയാണു നൽകുന്നത്. വൈദ്യുതി കെഎസ്ഇബിയും. നിലവിൽ വെള്ളത്തിന്റെയും, വൈദ്യുതിയുടെയും നിരക്കിൽ വർധന ഉണ്ടായിട്ടില്ലെന്നിരിക്കെ ഓക്സിജനു വില കൂട്ടുന്നതു ന്യായീകരിക്കാനാവില്ലെന്നും, വർധിച്ച ഉപയോഗം മുൻകൂട്ടിക്കണ്ടു കൊള്ളലാഭം കൊയ്യാനുള്ള തന്ത്രമാണിതെന്നും വിതരണക്കാർ ചൂണ്ടിക്കാട്ടി.

ഓക്സിജന്റെ വില മുംബൈയിലുള്ള ഉൽപാദകരാണു നിശ്ചയിക്കുന്നതെന്നാണു പ്ലാന്റിന്റെ
ചുമതലയുള്ളവർ പറയുന്നത്. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് ഉയർന്നതോടെ അവിടെയുള്ള സ്വകാര്യ പ്ലാന്റുകളിൽനിന്നു കേരളത്തിലേക്കുള്ള ഓക്സിജൻ വരവു നിലച്ച മട്ടാണ്.

Top