മെഡിക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ ; ഗവര്‍ണ്ണറുടെ തീരുമാനം നിര്‍ണ്ണായകം

sadasivam

തിരുവനന്തപുരം: കരുണ, കണ്ണൂര്‍, എസ്.യു.ടി കോളേജുകളിലെ 169 വിദ്യാര്‍ത്ഥികളുടെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താനുള്ള ബില്ലില്‍ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ തീരുമാനം നിര്‍ണായകമാണ്.

ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാനിടയില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അതേസമയം, ബില്‍ രാജ്ഭവനിലേക്ക് അയയ്ക്കാന്‍ നിയമവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ ഒക്ടോബറില്‍ ഗവര്‍ണര്‍ രണ്ട് ചോദ്യങ്ങളോടെ തിരിച്ചയച്ചിരുന്നു. അതേസമയം, മെരിറ്റുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സെന്നും മാനേജ്‌മെന്റിന്റെ തെറ്റിന് കുട്ടികളെ ശിക്ഷിക്കരുതെന്നുമാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് നിയമ സെക്രട്ടറി ഗവര്‍ണറെ അറിയിച്ചിരുന്നു.

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയയ്ക്കാതിരുന്നാല്‍ അത് ചട്ടവിരുദ്ധവും സഭയുടെ അവകാശ ലംഘനവുമാവും. സുപ്രീംകോടതിയില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കേസില്‍ സര്‍ക്കാരാണ് എതിര്‍കക്ഷി. മൂന്ന് കോളേജുകളിലെയും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കക്ഷിചേരാന്‍ അപേക്ഷിച്ചിട്ടുണ്ട്. മേയില്‍ അവരുടെ വാദം കേട്ട ശേഷമാവും സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. അതുവരെ ഗവര്‍ണര്‍ തീരുമാനമെടുക്കാനിടയില്ല.

2006-ലെ പഴയ സ്വാശ്രയനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും ഹൈക്കോടതിയിലെ കേസ് 2017-ലെ പുതുക്കിയ സ്വാശ്രയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top