ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് സൗദിയില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സിന് സൗകര്യം

റിയാദ്: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇന്‍ഷൂറന്‍സ് എടുക്കുന്നതായി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചതായി സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കുന്ന രീതിയിലുള്ളതായിരിക്കും ഇന്‍ഷുറന്‍സ് പോളിസി.

40 റിയാലാണ് ഇന്‍ഷൂറന്‍സിന്റെ പ്രീമിയം തുക. ഈ തുക അടച്ച് പോളിസി എടുക്കുന്നതോടെ രാജ്യത്ത് തങ്ങുന്ന ദിവസങ്ങളില്‍ കൊവിഡ് ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചാല്‍ സൗജന്യ ചികില്‍സ ലഭ്യമാകും. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഞ്ചാരികള്‍ക്ക് സൗദി സര്‍ക്കാര്‍ അംഗീകാരമുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ കവറേജ് ഉണ്ടായിരിക്കണമെന്ന് ടൂറിസം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക അടച്ച് പോളിസി എടുക്കണം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെയായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ കഴിഞ്ഞ ആഴ്ചയിലാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. സൗദിയില്‍ അംഗീകാരമുള്ള ഏതെങ്കിലുമൊരു വാക്‌സിന്‍ പൂര്‍ണമായി എടുത്തവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.

 

 

Top