Medical fees strike; UDF Co-operate with managements

തിരുവനന്തപുരം : സ്വാശ്രയ മാനേജ്‌മെന്റുകളും പ്രതിപക്ഷവുമായുള്ള ‘ധാരണ’ പുറത്തായി.

ഫീസ് കുറക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് എം.ഇ.എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ പരസ്യമായി രംഗത്ത് വന്നതും ഈ നിലപാടിനെ ഒരു വിഭാഗം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ പിന്‍തുണക്കുകയും ചെയ്തതിന് പിന്നില്‍ വിജിലന്‍സ് അന്വേഷണം പേടിച്ചാണെന്നാണ് ആരോപണം.

അഴിമതിയും ക്രമക്കേടും കണ്ടെത്താന്‍ ചുമതലപ്പെട്ട വിജിലന്‍സിന്റെ അന്വേഷണം വേണ്ട ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന അഭിപ്രായത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയത് തന്നെ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുമായുണ്ടാക്കിയ ‘ധാരണ’യുടെ പുറത്താണെന്നാണ് ആക്ഷേപം.

ഇവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിലെ ‘തലവരി’ പണ ഇടപാട് അന്വേഷിക്കാന്‍ വിജിലന്‍സിനെ നേരത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ആദ്യം വിജിലന്‍സ് അന്വേഷണ സ്വാഗതം ചെയ്ത പ്രതിപക്ഷം നിലപാട് മാറ്റി ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

വിജിലന്‍സിനെക്കാള്‍ ‘കാര്യക്ഷമമായ’ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തുകയന്നൊണ് യുഡിഎഫിന്റെ വാദം.

തലവരി പണത്തിന്റെ ഉറവിടം തേടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നാല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന രമേശ് ചെന്നിത്തലയുടെ മകന്‍ ഉള്‍പ്പെടെ യു.ഡി.എഫിലെ മിക്ക നേതാക്കളുടെയും മക്കളുടെ അഡ്മിഷന്‍ സംബന്ധിച്ച പരിശോധനയും നടക്കുമെന്നതാണ് പ്രതിപക്ഷത്തിന്റെ മലക്കം മറിച്ചിലിന് കാരണം.

തങ്ങള്‍ കുടുങ്ങുകയാണെങ്കില്‍ നിങ്ങളും കുടുങ്ങുമെന്ന് ചില സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. ഇതോടെയാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. സമരം അനന്തമായി നീണ്ട് പോവുന്നത് സര്‍ക്കാരിനെ പ്രകോപിപ്പിക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കണ്ടാണ് ഫീസ് കുറക്കാന്‍ തയ്യാറാണെന്ന നിര്‍ദ്ദേശം സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.ഇത് അത്യപൂര്‍വ്വ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

സര്‍ക്കാരുമായുള്ള ഒത്ത് തീപ്പു ചര്‍ച്ചകളില്‍ ധാരണയിലെത്തുകയാണ് മുന്‍കാലങ്ങളില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ എടുക്കാറുള്ള തീരുമാനം. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ എം.എല്‍.എ മാരുടെ സമരത്തിന് സര്‍ക്കാര്‍ തന്നെ ഗൗരവം കൊടുക്കാതെ മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു കൈ സഹായവുമായി മാനേജ്‌മെന്റുകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ മുന്‍ കാലങ്ങളില്‍ അനവധി പോരാട്ടങ്ങള്‍ നടത്തി തെരുവില്‍ ചോരപ്പുഴ ഒഴുക്കിയിട്ടും അന്നൊന്നും ഇപ്പോള്‍ സമവായ ചര്‍ച്ചകളുമായി വന്ന സ്വാശ്രയ മാനേജ്‌മെന്റുകളെ കണ്ടിട്ടില്ലെന്നാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ പരാതി.

യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും ഒത്തുതീര്‍പ്പിനല്ല മറിച്ച് സമരത്തെ അടിച്ചമര്‍ത്താനും ആക്ഷേപമുന്നയിക്കാനുമാണ് തയ്യാറായിരുന്നത് എന്നതും ഇപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് നടക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നാണ് ഇടത് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Top