medical fees issue; Vs supported Hungry strike of congress

തിരുവനന്തപുരം: അഞ്ച് ദിവസമായി തുടരുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നത് ഇടത് നേതൃത്വത്തിനും സര്‍ക്കാരിനും തിരിച്ചടിയായി.

സ്വാശ്രയ മെഡിക്കല്‍ കോളേജിലെ ഫീസ് ഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കൂടുതല്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കൊള്ള നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നേരത്തെ സ്പീക്കര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ തന്നെ ആരും ചര്‍ച്ചക്ക് വിളിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സമരം തുടങ്ങിയവര്‍ തന്നെ അത് അവസാനിപ്പിക്കട്ടെയെന്ന് നിലപാടിലാണ് സര്‍ക്കാരിപ്പോള്‍.

പ്രതിപക്ഷവും സര്‍ക്കാരും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി സമരക്കാരെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്ത വിഎസിന്റെ നടപടി സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. ഈ വിഷയത്തില്‍ പക്ഷേ സിപിഎം നേതൃത്വവും പ്രതികരിച്ചിരുന്നില്ല.

അനുനയ ചര്‍ച്ച നടക്കാതിരുന്നതിനെ തുടര്‍ന്ന് സമരം എങ്ങിനെ അവസാനിപ്പിക്കണമെന്നറിയാതെ കോണ്‍ഗ്രസ്സ് നേതൃത്വം തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് അപ്രതീക്ഷിതമായി സമരക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കി വിഎസ് തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ട സ്ഥിതിക്ക് ഇനിയും പിടിവാശിയുമായി മുന്നോട്ട് പോവണമോയെന്ന ചിന്ത സിപിഎമ്മിലെ ഒരു വിഭാഗത്തിനുമുണ്ട്.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ മുതിര്‍ന്ന പാര്‍ട്ടി നേതാവിന്റെ നിര്‍ദ്ദേശം തള്ളിയാല്‍ അത് പൊതുസമൂഹത്തിനിടയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടം തട്ടുമെന്ന ആശങ്കയും സിപിഎം നേതാക്കള്‍ക്കിടയിലുണ്ട്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാടായിരിക്കും ഇനി നിര്‍ണ്ണായകമാവുക.

വിഎസ് തന്നെ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട കാര്യം നിയമസഭയിലും പുറത്തും ആയുധമാക്കി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഇപ്പോള്‍ യുഡിഎഫ് നീക്കം.

ഇപ്പോള്‍ നിയമസഭാ കവാടത്തില്‍ ഹൈബി ഈഡനും ഷാഫി പറമ്പിലുമാണ് നിരാഹാരമിരിക്കുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി വഷളായതായാണ് റിപ്പോര്‍ട്ട്. നേരത്തെ നിരാഹാരമനുഷ്ടിച്ച അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ലീഗ് എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങളും ഇപ്പോള്‍ അനുഭാവ സത്യാഗ്രഹവും തുടരുന്നുണ്ട്.

തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ വിഎസിന്റെ നിലപാട് ഉയര്‍ത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

Top